അമരമ്പലം പഞ്ചായത്തിലെ പുതിയക്കോട് അമരാവതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വ്യത്യസ്തമായാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.
മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആവേശത്തിലാണ് മലപ്പുറത്തെ മുക്കുംമൂലയും. ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും ബാനറുകളും കൊടിതോരണങ്ങളും കട്ട് ഔട്ടുകളും നഗര ഗ്രാമ പ്രദേശങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ അമരമ്പലം പഞ്ചായത്തിലെ പുതിയക്കോട് അമരാവതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വ്യത്യസ്തമായാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്. ആരെയും പിണക്കാതെ എല്ലാ ടീമുകൾക്കും തുല്യപ്രാധാന്യം നൽകിയാണ് ക്ലബ് അധികൃതർ കൈക്കൊണ്ടത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകയുടെയും ലോകകപ്പിന്റെയും മാതൃകയും ക്ലബ്ബിന്റെ ചുമരില്‍ വരച്ചു.
കലാകാരനായ ലൂയിയുടെ നേതൃത്വത്തില്‍ സുരാഗ്, അഖില്‍, ഉബൈദ്, ഹരിപ്രസാദ്, വിഘ്‌നേഷ്, ക്ലബ് ഭാരവാഹികളായ ശ്രീജിന്‍ മുണ്ടക്കല്‍, എം.ടി. സുബ്രഹ്മണ്യന്‍, ഇര്‍ഷാദ് കുനിക്കാടന്‍, ജിഷ്ണു , ഷിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസമെടുത്ത് ചിത്രം പൂർത്തിയാക്കിയത്. രാജ്യങ്ങളുടെ ദേശീയപതാകക്കൊപ്പം ഇന്ത്യയുടെ ദേശീയപതാകയും വരച്ചു. എല്ലാ ടീമുകളുടേയും പതാക കാണാനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ക്ലബ് പരിസരത്ത് എത്തുന്നുണ്ട്.