അഭ്യൂഹങ്ങള്‍ക്ക് വിരാമം! അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; കോപ്പയില്‍ ആശാനുണ്ടാവും

By Web Team  |  First Published Dec 30, 2023, 8:11 PM IST

ജൂണില്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. ഇതിനുള്ള ഒരുക്കങ്ങള്‍ സ്‌കലോണിയും സഹപരിശീലകരും തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ചിലെ സന്നാഹമത്സരങ്ങളോടെ ടീമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങും.


ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. കോപ്പ അമേരിക്കയില്‍ ലിയോണല്‍ സ്‌കലോണി തന്നെ അര്‍ജന്റീനയെ പരിശീലിപ്പിക്കും. ടൂര്‍ണമെന്റിനായി സ്‌കലോണിയും സഹപരിശീലകരും ഒരുക്കങ്ങള്‍ തുടങ്ങി. കോപ്പ അമേരിക്കയിലും ചാംപ്യന്മാര്‍ക്ക് തന്ത്രമോതാന്‍ കോച്ച് സ്‌കലോണിയുണ്ടാകുമോ എന്നുള്ള സംശയങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ബ്രസീലിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനമൊഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നെന്ന് സ്‌കലോണി പറഞ്ഞത് ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയത് ചെറുതൊന്നുമല്ല.

ജൂണില്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. ഇതിനുള്ള ഒരുക്കങ്ങള്‍ സ്‌കലോണിയും സഹപരിശീലകരും തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ചിലെ സന്നാഹമത്സരങ്ങളോടെ ടീമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങും. കഴിഞ്ഞ കോപ്പ അമേരിക്കയോടെയായിരുന്നു ലിയോണല്‍ സ്‌കലോണിയുടേയും അര്‍ജന്റീനയുടെയും ജൈത്രയാത്രയുടെ തുടക്കം. ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് കിരീടം. പിന്നാലെ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് ചാംപ്യന്മാര്‍ ഏറ്റുമുട്ടിയ ഫൈനലിസിമയില്‍ ജയം. 
 
ഒടുവില്‍ 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഖത്തറില്‍ ലോകകപ്പ്. സ്‌കലോണിക്ക് കീഴില്‍ 67 മത്സരങ്ങളില്‍ 46ലും അര്‍ജന്റീന ജയിച്ചിട്ടുണ്ട്. 15 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ തോറ്റത് വെറും ആറെണ്ണത്തില്‍. 2023 അവസാനിക്കുമ്പോള്‍ ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനക്കാര്‍ അര്‍ജന്റീന തന്നെ. സ്‌കലോണിയുടെ തീരുമാനം മാറ്റാന്‍ നായകന്‍ ലിയോണല്‍ മെസി ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെട്ടിരുന്നു. 

Latest Videos

undefined

നിലവിലെ ടീമില്‍ തൃപ്തനല്ലെന്നും ചിലരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് സ്‌കലോണിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അര്‍ജന്റീനയുടെ പദ്ധതികളെല്ലാം മെസിയെ കേന്ദ്രീകരിച്ച് ആയതിനാല്‍ നായകനോട് തന്നെ ഇക്കാര്യം പറയാനായിരുന്നു സ്‌കലോണിയുടെ തീരുമാനം.

മെസിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം തന്റെ അഭിപ്രായങ്ങള്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മുന്നിലും സ്‌കലോണി അവതരിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ തുടരൂവെന്ന നിലപാടിലായിരുന്നു സ്‌കലോണി.

കേപ്ടൗണ്‍ ടെസ്റ്റ്: ഇന്ത്യക്ക് തിരിച്ചടി! പരിശീലനത്തിനിടെ പരിക്കേറ്റ താരം കളിച്ചേക്കില്ല; പകരക്കാരനായില്ല
 

click me!