അർജന്‍റീന പരിശീലക സ്ഥാനം; സ്‌കലോണി യൂടേണ്‍ അടിക്കുമോ? ആകാംക്ഷ, ഏറ്റവും പുതിയ വിവരം

By Web Team  |  First Published Dec 8, 2023, 7:23 PM IST

സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ലിയോണല്‍ മെസിയോടും ഫുട്ബോൾ അസോസിയേഷനോടും സംസാരിച്ചിട്ടുണ്ട് എന്ന് സ്‌കലോണി


ബ്യൂണസ് ഐറീസ്: അർജന്‍റീന പുരുഷ ഫുട്ബോള്‍ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്ന് ലിയോണൽ സ്‌കലോണി. പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കഴിഞ്ഞ മാസം സ്കലോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോപ്പ അമേരിക്കയിലും സ്‌കലോണി അര്‍ജന്‍റീനയെ പരിശീലിപ്പിക്കും. ടൂര്‍ണമെന്‍റിന് ശേഷമുള്ള സ്‌കലോണിയുടെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. 

കോപ്പ അമേരിക്ക 2024ന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പിന് മുമ്പായിരുന്നു ലിയോണല്‍ സ്കലോണിയുടെ പ്രതികരണം. 'ഇപ്പോഴും കോച്ചായത് കൊണ്ടാണ് കോപ്പ അമേരിക്ക നറുക്കെടുപ്പിനായി എത്തിയിരിക്കുന്നത്. എന്നാല്‍ പരിശീലക സ്ഥാനത്ത് തുടരണമോ എന്ന കാര്യം ഇപ്പോഴും ചിന്തിക്കുന്നു. താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കളിക്കാരെ എല്ലാ തലത്തിലും സഹായിക്കാൻ കഴിയുന്ന ഊർജ്ജമുള്ള കോച്ചിനെയാണ് ടീമിന് ആവശ്യം. ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായി എപ്പോഴും നല്ല ബന്ധമാണുള്ളത്. ഞാനും എന്‍റെ കോച്ചിംഗ് സ്റ്റാവും ചേര്‍ന്ന് ദേശീയ ടീമിന്‍റെ ഭാവിക്കായി ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളും. ബ്രസീലിന് എതിരായ മത്സരത്തിന് ശേഷം ലിയോണല്‍ മെസിയുമായി സംസാരിച്ചിരുന്നു. മെസി ടീം ക്യാപ്റ്റനാണ്. മെസിയുമായും നല്ല ബന്ധമാണ് എനിക്ക്' എന്നും ലിയോണല്‍ സ്‌കലോണി പറഞ്ഞു. 

Latest Videos

undefined

കോപ്പ അമേരിക്കയില്‍ ലിയോണല്‍ സ്‌കലോണി അര്‍ജന്‍റീന ടീമിനെ പരിശീലിപ്പിക്കും എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ കോപ്പയ്‌ക്ക് ശേഷമുള്ള അദേഹത്തിന്‍റെ ഭാവി സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. സ്കലോണിക്ക് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷനുമായി ഭിന്നതയുള്ളതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. സ്കലോണി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്‍റെ അടുത്ത പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അർജന്‍റീനയ്ക്ക് കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ ലോകകപ്പ് ട്രോഫികൾ നേടിക്കൊടുത്ത പരിശീലകനാണ് സ്കലോണി. 2018 ഫിഫ ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന പുറത്തായതിന് പിന്നാലെയായിരുന്നു സ്കലോണിയെ പരിശീലകനാക്കിയത്. 

Read more: കാത്തിരിക്കുന്നത് വമ്പൻ ഓഫർ, സ്കലോണി അർജന്‍റീനയുടെ പരിശീലകസ്ഥാനമൊഴിയും; കാരണം ഫുട്ബോൾ അസോസിയേഷനുമായുള്ള ഭിന്നത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!