സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നായകന്‍ ലിയോണല്‍ മെസി ടീം അംഗങ്ങള്‍ക്കൊപ്പം ഇറങ്ങാതെ ഒറ്റയ്ക്കാണ് പരിശീലനത്തിന് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ദോഹ: ഇത്തവണ ലോകകപ്പ് നേടുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും അര്‍ജന്‍റീനിയന്‍ സംഘത്തിനില്ല. 2014ല്‍ അവസാന നിമിഷം കൈവിട്ട ആ അമൂല്യ നേട്ടം ബ്യൂണസ് ഐറിസിന് അലങ്കാരമാക്കി ചാര്‍ത്താന്‍ പോരാടുമെന്നുള്ള വാശിയിലാണ് ഓരോ താരങ്ങളും. 2018നെക്കാള്‍ പത്തിരട്ടി പ്രതീക്ഷയാണ് ലിയോണല്‍ സ്കലോണിയുടെ നീലപ്പട്ടാളത്തിന്‍റെ മിന്നും പ്രകടനം ആരാധകര്‍ക്ക് പകര്‍ന്നിട്ടുള്ളത്. എന്നാല്‍, ലോകകപ്പിന് ഒരുങ്ങുവേ പ്രധാന താരങ്ങളെ അര്‍ജന്‍റീനയ്ക്ക് പരിക്ക് മൂലം നഷ്ടമായിരുന്നു.
അതില്‍ ലോ സെല്‍സോ മധ്യനിരയില്‍ ഇല്ല എന്നുള്ളതാണ് ആരാധകരെ ആകെ വിഷമിപ്പിച്ചത്. ഇപ്പോള്‍ മറ്റൊരു ആശങ്കയുടെ വാര്‍ത്തകളാണ് അര്‍ജന്‍റീന ക്യാമ്പില്‍ നിന്ന് പുറത്ത് വരുന്നത്. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നായകന്‍ ലിയോണല്‍ മെസി ടീം അംഗങ്ങള്‍ക്കൊപ്പം ഇറങ്ങാതെ ഒറ്റയ്ക്കാണ് പരിശീലനത്തിന് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ക്ലബ്ബ് സീസണ്‍ ഇടവേളയിലേക്ക് കടക്കുന്നതിന് മുമ്പ് മെസിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഒരു മത്സരത്തില്‍ പുറത്തിരുന്ന ശേഷം അവസാന കളിയില്‍ താരം തിരിച്ചെത്തിയിരുന്നു. അര്‍ജന്‍റീനയുടെ യുഎഇയുമായുള്ള സന്നാഹ മത്സരത്തില്‍ 90 മിനിറ്റും താരം കളിച്ചതോടെ പരിക്കിന്‍റെ ആശങ്കകള്‍ എല്ലാം അകന്നുവെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. എന്തെങ്കിലും പരിക്ക് താരത്തിനുണ്ടോയെന്ന സംശയങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്നലെ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ടീം ഓപ്പണ്‍ ട്രെയിനിംഗിന് മെസിയുണ്ടായിരുന്നില്ല. പകരം താരം ജിമ്മിലാണ് സമയം ചെലവഴിച്ചത്.
എന്നാല്‍, അടച്ചിരുന്ന സ്റ്റേഡിയത്തില്‍ രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ മെസിയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഒറ്റയ്ക്കായിരുന്നു മെസി പരിശീലിച്ചത്. പേശിയിലുള്ള പ്രശ്നം കാരണം മുന്‍കരുതല്‍ എന്ന നിലയിലാണ് താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതെന്നാണ് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ മെസി കളത്തിലുണ്ടാകും എന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ ടീം ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.