സെൽറ്റവിഗോക്കെതിരായ നിർണായക പോരാട്ടത്തിലാണ് മെസ്സി സീസണിലെ മുപ്പതാം ഗോൾ നേടിയത്. ആ ഗോളിന് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ലെങ്കിലും ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും ഉറപ്പിക്കാൻ ഇതോടെ മെസ്സിക്കായി.
മാഡ്രിഡ്: ബാഴ്സലോണ കിരീടം കൈവിട്ടെങ്കിലും സ്പാനിഷ് ലീഗ് ഫുട്ബോൾ ലീഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് സൂപ്പർ താരം ലിയോണൽ മെസ്സി. ലീഗിൽ അവസാന റൌണ്ട് മത്സരം മാത്രം ശേഷിക്കേ സീസണിൽ 30 ഗോളുകൾ നേടിയ മെസ്സിയെ മറികടക്കുക പിന്നിലുള്ളവർക്ക് ഏറെക്കുറെ അസാധ്യമാണ്.
സെൽറ്റവിഗോക്കെതിരായ നിർണായക പോരാട്ടത്തിലാണ് മെസ്സി സീസണിലെ മുപ്പതാം ഗോൾ നേടിയത്. ആ ഗോളിന് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ലെങ്കിലും ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും ഉറപ്പിക്കാൻ ഇതോടെ മെസ്സിക്കായി.
സീസണിൽ ബാഴ്സക്കായി കളിച്ച 35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഇതുവരെ മെസി നേടിയത്. സീസണിലെ അസിസ്റ്റുകളുടെ എണ്ണത്തിൽ സെൽറ്റാവിഗോയുടെ ഇയാഗോ അസ്പാസും(12), അത്ലറ്റിക്കോയുടെ മാർക്കോ ലോറെന്റോയും(11) മാത്രമെ ഈ സീസണിൽ മെസിക്ക് മുന്നിലുള്ളു.
23 ഗോളുകളുമായി സെവിയ്യതാരം ജെറാർഡ് മൊറേനോ ആണ് ലാ ലിഗയിലെ ഗോൾ വേട്ടയിൽ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തുള്ള കരീം ബെൻസേമയ്ക്ക് ഇരുപത്തിരണ്ടും നാലാമനായ ലൂയിസ് സുവാരസിന് ഇരുപതും ഗോളാണുള്ളത്. എല്ലാതാരങ്ങൾക്കും ഓരോ മത്സരങ്ങൾ മാത്രം ശേഷിക്കേ ഇനി മെസ്സിയെ മറികടക്കുക ആർക്കും എളുപ്പമല്ല.
2009-10 സീസണിലാണ് മെസ്സി ആദ്യമായി ലാ ലീഗയിൽ ടോപ് സ്കോററാവുന്നത്. 35 കളിയിൽ 34 ഗോൾ. 2011-12 സീസണിൽ അൻപതും 2012-13 സീസണിൽ നാൽപ്പത്തിയാറും ഗോളുകൾ നേടിയ ടോപ് സ്കോററായി. 2016-17 സീസണിന് ശേഷം ഗോൾ വേട്ടയിൽ മെസ്സിയെ മറികടക്കാൻ ആർക്കുമായിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona