പനിയു തൊണ്ടവേദനയും വകവെക്കാതെയാണ് കളിക്കാനിറങ്ങിയതെന്ന് മെസി പിന്നീട് പ്രതികരിച്ചു.
ഫ്‌ളോറിഡ: ചിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കളിച്ചേക്കില്ല. വലതു കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെസി വ്യക്തമാക്കി. ചിലിക്കെതിരായ മത്സരത്തിന്റെ. 24ാം മിനിറ്റിലാണ് സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്കേല്‍ക്കുന്നത്. വലതുകാലിലെ തുടയിലെ മസിലിന് പരിക്കേറ്റ മെസി പ്രാഥമിക ചികിത്സ തേടി. മെസിക്ക് പിന്നീട് പൂര്‍ണ ആരോഗ്യത്തോടെ കളിക്കാനുമായില്ല.
പനിയു തൊണ്ടവേദനയും വകവെക്കാതെയാണ് കളിക്കാനിറങ്ങിയതെന്ന് മെസി പിന്നീട് പ്രതികരിച്ചു. കാലിനേറ്റ പരിക്ക് ഗുരതരമെന്ന് തോന്നുന്നില്ല. രണ്ട് മാസം മുന്‍പ് ഇന്റര്‍മയാമിക്കായി കളിക്കുന്നതിനിടെ അനുഭവപ്പെട്ട അതേ പരിക്കാണ് മെസിയെ വീണ്ടും അലട്ടുന്നതെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് മെസി. മെസിയുടെ പരിക്കിനെ കുറിച്ച് കോച്ച് ലിയോണല്‍ സ്‌കലോണി കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായതുമില്ല. 30ന് പെറുവിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ അവസാന മത്സരം.
ഈ മത്സരത്തില്‍ മെസിക്ക് സ്‌കലോണി വിശ്രമം നല്‍കിയേക്കും. ക്വര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ പെറുവിനെതിരായ മത്സരം നിര്‍ണായകമല്ല. ഈ മത്സരത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. ക്വര്‍ട്ടര്‍ ഫൈനല്‍ പോരില്‍ മെസി ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റില്‍ന്റെ പ്രതീക്ഷ. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചിലിയെ ഒരു ഗോളിന് മറികടന്നാണ് ലോക ചാംപ്യന്മാര്‍ അവസാന എട്ടിലെത്തിയത്. ലാതുറോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു അര്‍ജന്റീനുടെ ഏകഗോള്‍.
അവസരങ്ങള്‍ ഒരുപാട് ലഭിച്ചെങ്കിലും പന്ത് ഗോള്‍വര കടക്കാന്‍ 88-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീയായിരുന്നു. എന്നിട്ടും ഗോള്‍ നേടാന്‍ പകരക്കാരനായി എത്തിയ മാര്‍ട്ടിനെസ് വേണ്ടിവന്നു. 72-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായിട്ടാണ് മാര്‍ട്ടിനെസ് കളത്തിലെത്തുന്നത്. 88-ാം മിനിറ്റില്‍ ഗോളും നേടി. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് മാര്‍ട്ടിനെസ് ഗോള്‍ കണ്ടെത്തിയത്.