അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് അർജന്‍റീന ലോകകപ്പിന് എത്തുന്നത്. ഖത്തറിൽ തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു.
ദോഹ: ഖത്തർ ലോകകപ്പിന് ഒരുങ്ങുന്ന അർജന്‍റീനയ്ക്ക് ആശ്വാസവാർത്ത. ക്യാപ്റ്റൻ ലിയോണൽ മെസിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. പി എസ് ജിയിൽ പരിശീലനത്തിനിടെ പരിക്കേറ്റ മെസി വരും ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും.
കാൽക്കുഴയ്ക്ക് പരിക്കേറ്റ മെസിയെ മുൻകരുതൽ എന്ന നിലയിലാണ് ലോറിയന്‍റിനെതിരെ കളിപ്പിക്കാതിരുന്നതെന്ന് പി എസ് ജി വ്യക്തമാക്കി. ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മെസി പി എസ് ജി പരിശീലകനോട് ആവശ്യപ്പെട്ടിരുന്നു.
തകർപ്പൻ ഫോമിൽ കളിക്കുന്ന മെസി സീസണിൽ പി എസ് ജിക്കായി സീസണില്‍ 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിടുന്ന അർജന്‍റീനയുടെ പ്രതീക്ഷയത്രയും മെസിയുടെ കാലുകളിലാണ്.22ന് സൗദി അറേബ്യയാണ് ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ എതിരാളികൾ.
അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് അർജന്‍റീന ലോകകപ്പിന് എത്തുന്നത്. ഖത്തറിൽ തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. മെസിക്ക് പുറമെ പി എസ് ജി താരങ്ങളായ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ്, പ്രതിരോധനിരതാരം പ്രിസെനല്‍ കിംബെപ്പെ, മധ്യനിരയിലെ ഫാബിയന്‍ റൂയിസ് എന്നിവരും പരിക്കിന്‍റെ പിടിയിലാണ്.
അതേസമയം, മെസിയില്ലാതെ ഇറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജി വിജയക്കുതിപ്പ് തുടര്‍ന്നു. ലോറിയന്‍റിനെ പി എസ് ജി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്നലെ തോൽപിച്ചത്. മെസി ഇല്ലാതെ ഇറങ്ങിയ പി എസ് ജിക്കായി നെയ്മർ ജൂനിയറും ഡാനിലോ പെരേരയുമാണ് ഗോളുകൾ നേടിയത്.
ടെറം മോഫിയാണ് ലോറിയന്‍റിന്‍റെ സ്കോറർ. 14 കളിയിൽ പന്ത്രണ്ടാം ജയത്തോടെ 38 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി.