Lionel Messi : ബെന്‍സേമയല്ലാതെ മറ്റാര്? ബലണ്‍ ഡി ഓര്‍ വിജയിയെ പ്രവചിച്ച് ലിയോണല്‍ മെസി

By Sajish A  |  First Published May 31, 2022, 11:05 AM IST

ബെന്‍സേമയുടേത് ഗംഭീര വര്‍ഷമായിരുന്നുവെന്നാണ് മെസി പറയുന്നത്. അര്‍ജന്റൈന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ബെന്‍സേമയെ കുറിച്ച് സംസാരിച്ചത്.


മാഡ്രിഡ്: ഇത്തവണത്തെ ബലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സേമ (Karim Benzema) ഏറെക്കുറെ ഉറപ്പിച്ചതാണ്. താരത്തിന് വെല്ലുവിളിക്കാന്‍ ഒരാള്‍ പോലും ഇന്ന് ഫുട്‌ബോള്‍ ആരാധകരുടെ മനസിലില്ല. ലാ ലിഗ (La Liga) കിരീടവും യുവേഫ ചാംപ്യന്‍സ് ലീഗും റയല്‍ (Real Madrid) നേടുമ്പോള്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തതും ബെന്‍സേമ തന്നെ. അര്‍ജിന്റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസിക്കും ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല. ബെന്‍സേമ ഇത്തവണ ബലണ്‍ ഡി ഓര്‍ നേടുമെന്നാണ് മെസി പറയുന്നത്. 

ബെന്‍സേമയുടേത് ഗംഭീര വര്‍ഷമായിരുന്നുവെന്നാണ് മെസി പറയുന്നത്. അര്‍ജന്റൈന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ബെന്‍സേമയെ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ വര്‍ഷം ബലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു സംശയവും വേണ്ട. ബെന്‍സേമയല്ലാതെ മറ്റാരും അതിന് അര്‍ഹനല്ല. ഗംഭീരമായ വര്‍ഷമായിരുന്നു ബെന്‍സെമയുടേത്. അദ്ദേഹമല്ലാതെ മറ്റൊരാള്‍ പുരസ്‌കാരം നേടുമെന്ന് എനിക്ക് തോന്നുന്നില്ല.'' എന്നാല്‍ ചാംപ്യന്‍സ് ലീഗിലെ മികച്ച ടീം റയല്‍ മാഡ്രിഡ് ആയിരുന്നില്ലെന്നും പറഞ്ഞു. മറ്റു മികച്ച ടീമുകള്‍ ലീഗിലുണ്ടായിരുന്നുവെന്ന് മെസി കൂട്ടിചേര്‍ത്തു. 

Latest Videos

IPL 2022: ഐപിഎല്ലില്‍ ആഘോഷിക്കപ്പെടാത്ത ഹീറോകള്‍ക്ക് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഖത്തല്‍ ലോകകപ്പിനെ കുറിച്ചും മെസി വാചാലനായി. ഫ്രാന്‍സാണ് ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് മെസി പറഞ്ഞു. ''നാല് വര്‍ഷം മുമ്പും ഫ്രാന്‍സിനായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. അവത് ലോകകപ്പുമായാണ് മടങ്ങിയത്. ഇത്തവണയും ഫ്രാന്‍സാണ് ഫേവറൈറ്റ്‌സ്. യൂറോ കപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് പുറത്തായത് അവരെ പൂര്‍വ്വാധികം ശക്തരാക്കും. അര്‍ജന്റീന ഫേവറൈറ്റുകളാണെന്ന് ഞാന്‍ പറയില്ല. ഞങ്ങള്‍ക്ക് ഏത് ടീമിനെതിരേയും പൊരുതാനാവും. എതിരാളികളെ പിടിച്ചുനിര്‍ത്താനുള്ള കരുത്ത് അര്‍ജന്റീനയ്ക്കുണ്ട്. അതിനര്‍ഥം ഞങ്ങള്‍ ഫേവറൈറ്റുകളാണെന്നല്ല. ഞങ്ങള്‍ ആര്‍ക്കെതിരേയും പൊരുതും.'' മെസി പറഞ്ഞുനിര്‍ത്തി. 

മെദ്വദേവും പുറത്ത്, ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു; ഇന്ന് നദാല്‍- ജോക്കോവിച്ച് ഗ്ലാമര്‍ പോര്

നിലവില്‍ അര്‍ജന്റൈന്‍ ടീമിനൊപ്പമാണ് മെസി. ഇറ്റലിക്കെതിരെ നടക്കുന്ന ഫൈനലിസിമ മത്സരത്തിന് തയ്യാറെടുക്കുകയാണ് താരം. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ഫൈനലിസിമ. ജൂണ്‍ 1ന് വെംബ്ലിയിലാണ് മത്സരം. നിലവില്‍ തുടരെ പരാജയമറിയാതെ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന വരുന്നത്. ഇറ്റലിക്കാവട്ടെ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടാനായില്ല.

click me!