ഒരുറപ്പ് കൂടി മെസി പറയുന്നുണ്ട്. 2026 ലോകകപ്പ് കളിക്കാനുണ്ടാവുമെന്ന ഉറപ്പാണ് മെസി നല്‍കുന്നത്.
ബ്യൂണസ് അയേഴ്‌സ്: 37-ാം വയസിലും അര്‍ജന്റീനയ്ക്ക് വേണ്ടി അഴിഞ്ഞാടുകയാണ് നായകന്‍ ലിയോണല്‍ മെസി. ഇന്ന് പുലര്‍ച്ചെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഹാട്രിക്ക് ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞിരുന്നു മെസി. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്താനും മെസിക്ക് സാധിച്ചു. അന്താരാഷ്ട്ര ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കെന്ന പോര്‍ച്ചുഗീസ് താരത്തിന്റെ റെക്കോര്‍ഡിനൊപ്പമാണ് മെസി. ഇരുവര്‍ക്കും 10 ഹാട്രിക്കുകളാണുള്ളത്.
അതേസമയം, ഒരുറപ്പ് കൂടി മെസി പറയുന്നുണ്ട്. 2026 ലോകകപ്പ് കളിക്കാനുണ്ടാവുമെന്ന ഉറപ്പാണ് മെസി നല്‍കുന്നത്. മത്സരശേഷം മെസി പറഞ്ഞതിങ്ങനെ... ''കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. എനിക്ക് സഹായം ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ ഈ ജേഴ്‌സിയിലുണ്ടാവും. ഈ ടീം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു, ആത്മാര്‍ത്ഥതയോടെ താരങ്ങള്‍ കളിക്കുന്നത്. 2026 ലോകകപ്പിലായിരിക്കും ഞാന്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനം കളിക്കുക. ഞാന്‍ ഈ ടീമിനൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ആളുകള്‍ എന്നെ സ്നേഹിക്കുകയും എന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.'' 2026 ലോകകപ്പ് വരെ തുടര്‍ന്നുകൂടെ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മെസി മറുപടി പറഞ്ഞത്.
undefined
രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ധാരണയായി! സഞ്ജുവിന് ജയസ്വാളിനും കോടികള്‍ വാരാം
എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മെസിക്ക് പുറമെ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയത്. 19-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിടുന്നത്. മാര്‍ട്ടിനെസ് നല്‍കിയ പന്ത് മെസി അനായാസം ഗോളാക്കി മാറ്റി. 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ആദ്യപകുതി പൂര്‍ത്തിയാവുന്നതിന് മുമ്പ് അര്‍ജന്റീന ഒരിക്കല്‍കൂടി മുന്നിലെത്തി. മെസി നല്‍കിയ ലോംഗ് പാസ് സ്വീകരിച്ച് അല്‍വാരസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി.
69-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ നാലാം ഗോള്‍. ഇത്തവണ പകരക്കാരനായി എത്തിയ അല്‍മാഡയാണ് ഗോള്‍ നേടിയത്. നിഹ്വെല്‍ മൊളീനയുടെ ക്രോസില്‍ അല്‍മാഡ കാലുവച്ചു. ശേഷിക്കുന്ന രണ്ട് ഗോളുകളും മെസിയുടെ വകയായിരുന്നു. 84-ാം മിനിറ്റില്‍ എക്‌സെക്വീല്‍ പലസിയോസാണ് ഗോളിന് വഴിയൊരുക്കിയത്. ഒരു പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് വലങ്കാലുകൊണ്ട് മെസി തൊടുത്ത ഷോട്ട് വലയില്‍ കയറി. 86-ാം മിനിറ്റില്‍ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇത്തവണ നിക്കോ പാസാണ് ഗോളിന് വഴിയൊരുക്കിയത്.