ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു; പുതിയ കരാറില്ല

By Web Team  |  First Published Aug 5, 2021, 11:48 PM IST

മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.


മാഡ്രിഡ്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു.

ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.

LATEST NEWS | Leo will not continue with FC Barcelona

— FC Barcelona (@FCBarcelona)

Latest Videos

മെസ്സിയും അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ജോര്‍ജെയും ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടര്‍ന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടതും. ലാ ലി​ഗയുടെ കടുത്ത സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് മെസ്സിയുമായുള്ള കരാർ സാധ്യമാവാതിരുന്നതിന് കാരണം.

ബാഴ്സയിൽ തുടരാൻ മെസ്സി ആ​ഗ്രഹിക്കുന്നവെന്നും അദ്ദേഹത്തെ നിലനിർത്താൻ ബാഴ്സ ശ്രമിക്കുമെന്നും ക്ലബ്ബ് പ്രസിഡന്‍റായി ചുമതലയേറ്റെടുത്തശേഷം യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. മെസ്സിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്സയെന്നും ലപ്പോർട്ട നേരത്തെ പറഞ്ഞിരുന്നു.

2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം മറ്റൊരു ക്ലബ്ബിനുവേണ്ടിയും മെസ്സി പന്ത് തട്ടിയിട്ടില്ല. എന്നാല്‍ ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ചതോടെ മെസ്സി കരിയറിൽ ആദ്യമായി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്‍റായി മാറിയിരുന്നു.

2013ലാണ് ലാ ലി​ഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ ലാ ലിഗ അധികൃതര്‍ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്‍റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴി‍ഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ. 2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലി​ഗ അധികൃതർ  ബാഴ്സക്ക് അനുമതി നൽകിയത്. ഇതാണ് മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് തടസമായതെന്നാണ് സൂചന.

കഴിഞ്ഞ സീസണിലേ ക്ലബ്ബ് വിടാനൊരുങ്ങി മെസ്സി

കഴിഞ്ഞ സീസണൊടുവില്‍ ബാഴ്സ വിടാനൊരുങ്ങിയ മെസ്സിയ കരാറിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു ബാഴ്സ. പിന്നീട് മെസ്സിയുടെ ആവശ്യപ്രകാരം പരിശീലകനെ മാറ്റിയ ബാഴ്സ ഈ സീസണുശേഷം ടീമില്‍ അടിമുടി മാറ്റം വരുത്തി. മെസ്സിയുടെ ആവശ്യപ്രകാരം അര്‍ജന്‍റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ സെര്‍ജിയോ അഗ്യൂറോയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിക്കുകയും ചെയ്തു.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണില്‍ 30 ഗോളോടെ മെസ്സി തന്നെയായിരുന്നു ടോപ് സ്കോറര്‍.

click me!