മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്ന പദ്ധതിയുടെ ഭാഗമായതിൽ സന്തോഷം എന്നായിരുന്നു മെസിയുടെ പ്രതികരണം.
ദില്ലി: അര്‍ജന്‍റീന സൂപ്പർ താരം ലിയോണൽ മെസി മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജുസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡർ. ബൈജൂസിന്‍റെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന സമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായാണ് മെസി സഹകരിക്കുക. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ 2020ലാണ് ബൈജുസ് സാമൂഹിക പ്രതിബദ്ധത പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയുമായി കൈകോർക്കാൻ അർജന്‍റീന നായകൻ കരാറിൽ ഒപ്പുവച്ചു. ബൈജൂസിന്‍റെ ജേഴ്സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ ബൈജൂസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.
undefined
ലോകത്തിൽ ഏറ്റവും അധികം ആരാധകരുള്ള മെസിയുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമെന്നും നിരവധി കുട്ടികൾക്ക് ഇത് പ്രചോദനം ആകുമെന്നും കമ്പനി അറിയിച്ചു. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്ന പദ്ധതിയുടെ ഭാഗമായതിൽ സന്തോഷം എന്നായിരുന്നു മെസിയുടെ പ്രതികരണം.
കുട്ടികൾക്ക് വേണ്ടി ലിയോ മെസി ഫൗണ്ടേഷനിലൂടെ സൂപ്പർ താരം 2007 മുതൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ്.ഒരു മലയാളിയുടെ കമ്പനി മെസിയുമായി സഹകരിക്കുന്നതും ആദ്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെയും ഫിഫ ലോകകപ്പിന്‍റെയും ഔദ്യോഗിക സ്പോൺസർമാരായ ബൈജുസ് ലോകകപ്പിന് തൊട്ടുമുൻപ് മെസിയുമായി കരാറിൽ എത്തി എന്നതും ശ്രദ്ധേയം.
സമൂഹ മാധ്യമങ്ങളിൽ 45 കോടിയിലധികം ആരാധകര്‍ മെസിയെ പിന്തുടരുന്നുണ്ട്. ഖത്തർ ലോകകപ്പിനിടെ പദ്ധതിയുടെ പ്രചാരണത്തിൽ താരം പങ്കെടുത്തേക്കും. ബൈജുസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആഗോള തലത്തിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള മെസിയുമായി കമ്പനി കൈകോർക്കുന്നത്.
ഒന്നര പതിറ്റാണ്ട് നീളുന്ന കരിയറില്‍ ഇത് രണ്ടാം തവണയാണ് മെസി ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്‍റെ അംബാസഡറാകുന്നത്.മുമ്പ് ടാറ്റ കുടുംബത്തില്‍ നിന്നുള്ള ടിയാഗോ കാറിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു മെസി.