നമ്മുടെ ഉമ്മകളും സ്നേഹവും മെസി കാണുന്നും അറിയുന്നുമുണ്ടാകും; ആ വാക്കുകളില്‍ എല്ലാമുണ്ട്!

By Web Team  |  First Published Nov 22, 2022, 11:34 AM IST

അർജന്‍റീനയ്ക്ക് പുറത്ത് നിന്ന് തനിക്ക് എപ്പോഴും സ്‌നേഹം ലഭിച്ചിട്ടുണ്ട്. ലോകകപ്പ് നേടുന്നതിന് ആരാധകർ തന്നെ പിന്തുണക്കുന്നതില്‍ നന്ദിയുള്ളവനാണെന്നും മെസി പറഞ്ഞു.


ദോഹ: ലോകകപ്പ് പോരാട്ടത്തില്‍ അര്‍ജന്‍റീനയെയും തന്നെയും പിന്തുണയ്ക്കുന്ന അര്‍ജന്‍റീനക്കാരല്ലാത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലിയോണല്‍ മെസി. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്‍റീനയ്ക്ക് പുറത്ത് നിന്ന് തനിക്ക് എപ്പോഴും സ്‌നേഹം ലഭിച്ചിട്ടുണ്ട്. ലോകകപ്പ് നേടുന്നതിന് ആരാധകർ തന്നെ പിന്തുണക്കുന്നതില്‍ നന്ദിയുള്ളവനാണെന്നും മെസി പറഞ്ഞു.

''നിരവധി ആരാധകർ ഞങ്ങളെ പിന്തുണയ്ക്കുന്നുവെന്നതും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവെന്നതും വളരെ സന്തോഷമുള്ള കാര്യമാണ്. കരിയറിൽ ഉടനീളം അനുഭവിച്ച സ്നേഹത്തിന് വളരെ നന്ദിയുണ്ട്. എവിടെയായിരുന്നാലും ആ സ്നേഹം ശക്തമായി അനുഭവപ്പെട്ടിട്ടുണ്ട്'' - മെസി പറഞ്ഞു.

Latest Videos

അതേസമയം,  തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. അതില്‍ അസാധാരണമായി ഒന്നുമില്ല.

ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എന്‍റെ കാര്യം ശ്രദ്ധിച്ചുവെന്നേയുള്ളു. ഈ ലോകകപ്പ് വളരെ സ്പെഷ്യലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരം - മെസി പറഞ്ഞു. സൗദി അറേബ്യക്കെതിരെ ഇന്ന് ഇന്ത്യന്‍ സമയം മൂന്നരയ്ക്കാണ് അര്‍ജന്‍റീന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.

അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെൽസോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അർജന്‍റൈന്‍ കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. അർജന്‍റീനയും സൗദിയും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്‍റീന രണ്ട് കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

'ഹബീബീ ഹബീബീ കിനാവിന്‍റെ മഞ്ചലിലേറി...'; മാനം മുട്ടെ സ്വപ്നങ്ങളുമായി മിശിഹായും സംഘവും ഇന്ന് ഇറങ്ങും

click me!