മെസ്സി ഞങ്ങൾ കാത്തിരിക്കുന്നു. മറഡോണയോ മെസ്സിയോ എന്ന തർക്കത്തിന് ഒരു പുതിയ മാനം കൂടി നൽകാൻ. കാൽപന്തുകളിയുടെ പതിറ്റാണ്ടുകൾ നീണ്ട അനുഭവചരിത്രങ്ങളുടെ പുസ്തകത്തിന് ലോകകപ്പേന്തി നിൽക്കുന്ന താങ്കളെ മുഖചിത്രമാക്കാൻ
രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത അഞ്ച് ലോകകപ്പിലും നിർണായക ഗോളുകൾക്ക് വഴിയൊരുക്കിയ റൊസാരിയോ മാന്ത്രികൻ. 86 മറഡോണക്കെന്ന പോലെ, 2002 റൊണാൾഡോക്കെന്ന പോലെ 2022 മെസ്സിയുടെതാവുമോ? ആറാമതൊരു ഫൈനലിൽ മൂന്നാമതൊരു കിരീടം നേടാൻ ആകുമോ? വിശ്വവേദിയിലെ നേട്ടങ്ങളുടെ പുസത്കത്തിൽ പുതിയ താളുകൾ എഴുതിച്ചേർത്ത് മെസ്സി വിടവാങ്ങുന്നത് ലോകകരീടം ഉയർത്തിയിട്ടാകുമോ?
കാൽപന്തുകളിയുടെ ലോകത്ത് അനന്യസുന്ദരമായ മികവിന്റെയും ഉദാഹരണങ്ങളില്ലാത്ത നേട്ടങ്ങളുടെയും തിളക്കത്തിന് രാജ്യത്തിനായി നേടുന്ന ലോകകീരീടത്തിന്റെ മകുടം ചാർത്താൻ മെസ്സിക്കാവുമോ? വലിയൊരു സ്വപ്നത്തിന് ഒരു ചുവട് മാത്രം അകലെ നിൽക്കെ എന്താകും മെസ്സിയുടെ മനസ്സിൽ? ഒരു കാര്യം ഉറപ്പാണ്. അവസാന ലോകകപ്പ് എന്ന പ്രഖ്യാപിച്ച വേദിയിലെ കലാശപ്പോരിലേക്ക് അയാൾ ഇറങ്ങുന്നത് ആസ്വദിച്ച് രസിച്ച് കളിക്കാനാണ്, ജയിപ്പിക്കാനാണ്. നയിക്കാനാണ്.
undefined
ക്രൊയേഷ്യക്ക് എതിരായ സെമിയിൽ, കളിയുടെ തുടക്കത്തിൽ പിൻതുട ഞരമ്പിന്റെ വേദനയിൽ ഒരിത്തിരി വേഗംകുറഞ്ഞ മെസ്സിയെ കണ്ടപ്പോൾ നാടിനും നാട്ടാർക്കും അതിനേക്കാളും വേദനിച്ചു. പക്ഷേ പ്രതിഭയുടെ മാന്ത്രികസ്പർശം ആ വേദന മാറ്റി. പകരം ഞരമ്പുകളിലെ ഊർജപ്രവാഹം ഇരട്ടിയാക്കി. നൊവാക്കോവിച്ച് എന്ന മിടുക്കൻ ഗോളിയെ സ്തബ്ധനാക്കിയ പെനാൽറ്റിയിലൂടെ, ഈ ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച പ്രതിരോധതാരമായ ഗ്വാഡിയോളിനെ സ്തബ്ധനാക്കിയ ട്വിസ്റ്റഡ് പാസിലൂടെ മെസ്സിയെന്ന പ്രതിഭയെ ലോകം കണ്ടു.
ഇതുവരെ ഖത്തറില്‍ അർജന്റീനയുടെ അക്കൗണ്ടിലുള്ളത് 12 ഗോൾ. അതിലഞ്ച് മെസ്സിയുടെ വക. മൂന്നെണ്ണം വീണത് മെസ്സിയുടെ സഹായത്താൽ. ക്രൊയേഷ്യക്കെതിരെയുള്ള തന്റെ ആദ്യ ഗോളിലേക്കുള്ള ഓട്ടത്തിന് അൽവാരെസിന് സ്റ്റാർട്ടിങ് വിസിലായ പാസ് രേഖയിൽ അസിസ്റ്റായി കൂട്ടിയിട്ടില്ല. ടീനേജ് പ്രായത്തിൽ രാജ്യത്തിന് വേണ്ടി ലോകകപ്പിൽ ഗോളടിക്കാൻ തുടങ്ങിയതാണ് മെസ്സി. ഇപ്പോഴും, വിരമിക്കൽ വേദിയിലും ആ ഓട്ടം തുടരുന്നു. ഗണിതസമവാക്യങ്ങളുടെ കൃത്യതയും ഷൂട്ടിങ് റേഞ്ചിൽ ലക്ഷ്യവേധിയാകുന്ന സൂക്ഷ്മതയും അയാൾക്കിപ്പോഴും വേഗമേറ്റുന്നു. മാലാഖമാർ വന്നിറങ്ങി കളിക്കുന്നുവന്ന് ഫുട്ബോൾ വിശാരദൻമാർ വാഴ്ത്തുന്നു.
ഈ ലോകകപ്പിൽ വ്യക്തിഗത മികവിന് അപ്പുറം നായകനായുള്ള വളർച്ചയും പ്രകടം. ഗോളടിപ്പിച്ചും പ്രചോദിപ്പിച്ചും ആശ്വസിപ്പിച്ചുമെല്ലാം മെസ്സി ടീമിനെ ചേർത്തുനിർത്തുന്നു. തന്നെ കണ്ട്, തന്റെ കളി കണ്ട് പഠിച്ച്, തനിക്കൊപ്പം പന്തുതട്ടുന്നത് സ്വപ്നം കണ്ട് ദേശീയ ജഴ്സിയിലെത്തുംവരെ പരിശ്രമിച്ച എൻസോയെയും അൽവാരെസിനെയും പോലെയുള്ള യുവമുഖങ്ങൾക്ക് മെസ്സി ഒരേസമയം ഗുരുതുല്യനും സഹോദരനും ആകുന്നു. ഡിപോളിനും ഡി മരിയക്കും കൂട്ടുകാരനാകുന്നു. സ്കലോണിയുടെ ആത്മവിശ്വാസമാകുന്നു. പ്രോത്സാഹിപ്പിച്ച് കൂടെ നിൽക്കുന്ന ജനലക്ഷങ്ങൾക്ക് പ്രതിഭയിലൂടെയും സിദ്ധിയിലൂടെയും സന്തോഷം നൽകുന്നു.
മെസ്സി ഞങ്ങൾ കാത്തിരിക്കുന്നു. മറഡോണയോ മെസ്സിയോ എന്ന തർക്കത്തിന് ഒരു പുതിയ മാനം കൂടി നൽകാൻ. കാൽപന്തുകളിയുടെ പതിറ്റാണ്ടുകൾ നീണ്ട അനുഭവചരിത്രങ്ങളുടെ പുസ്തകത്തിന് ലോകകപ്പേന്തി നിൽക്കുന്ന താങ്കളെ മുഖചിത്രമാക്കാൻ. റൊസാരിയോയുടെ മാത്രമല്ല, അതിരുകളില്ലാത്ത കാൽപന്തുകളിയുടെ വിശാല ലോകത്തെ മാന്ത്രികനാണ് താങ്കൾ.