മെസിയും റൊണാള്‍ഡോയുമൊന്നുമില്ലാത്തൊരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാനാകുമോ; ലോകകപ്പിലെ അവസാന അങ്കക്കാര്‍

By Vandana PR  |  First Published Nov 20, 2022, 8:10 PM IST

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 37 ഒരു നമ്പരർ പോലുമല്ല. ഉയർന്ന ഊർജവും മത്സരവീര്യവും ഫുട്ബോളിലുള്ള കഴിവും ...പിന്നെ ലോകഫുട്ബോളിൽ ഇതുവരെ നേടിയിട്ടുള്ള എണ്ണമറ്റ നേട്ടങ്ങളും. റൊണാൾഡോ ആരാധകർ ഇത് CR7 എത്തുന്ന അവസാന ലോകകപ്പ് ആകുമെന്ന് കരുതുന്നതേയില്ല.


ല്ലാ ലോകകപ്പും ഏതെങ്കിലുമൊക്കെ ഫുട്ബോൾ താരങ്ങളുടെ അവസാനത്തേതാകും. പ്രായം, ക്ഷമത, വ്യക്തിഗത മികവുണ്ടെങ്കിലും ടീമിന് യോഗ്യത കിട്ടാതെ പോവുക അങ്ങനെ വിടവാങ്ങലിന് കാരണങ്ങൾ പലതാണ്. ഖത്തർ ലോകകപ്പ് പല അതിപ്രശസ്തരും കളിക്കാൻ ഇറങ്ങുന്ന അവസാന  ലോകകപ്പ് ആയേക്കും എന്നാണ് ആരാധകരും ഫുട്ബോൾ വിശാരദൻമാരും വിലയിരുത്തുന്നത്. ആ പട്ടികയിൽ പല പേരുകളും അവർ ഉൾപെടുത്തുന്നത് നെടുവീർപ്പോടെയാണ് താനും. കാരണം താരങ്ങളിൽ പലരും ഫുട്ബോളിന്റെ പര്യായമായി തന്നെ ആരാധകർ കൊണ്ടാടുന്നവരാണ്. അവരിൽ  ചിലർ ആരൊക്കെ എന്നു നോക്കാം
 
 പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest Videos

undefined

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 37 ഒരു നമ്പരർ പോലുമല്ല. ഉയർന്ന ഊർജവും മത്സരവീര്യവും ഫുട്ബോളിലുള്ള കഴിവും ...പിന്നെ ലോകഫുട്ബോളിൽ ഇതുവരെ നേടിയിട്ടുള്ള എണ്ണമറ്റ നേട്ടങ്ങളും. റൊണാൾഡോ ആരാധകർ ഇത് CR7 എത്തുന്ന അവസാന ലോകകപ്പ് ആകുമെന്ന് കരുതുന്നതേയില്ല. ക്ലബ് മത്സരങ്ങളിൽ കാണിക്കുന്ന വീറും വാശിയും രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ കുറച്ച് കുറവാണെന്ന് റൊണാൾഡോയെ പറ്റി ആരും പറയുകയും ഇല്ല. 191 തവണയാണ് രാജ്യത്തിന് വേണ്ടി കളിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയത് 117 ഗോൾ. മാഞ്ചസ്റ്റയ യുണൈറ്റഡുമായുള്ള തർക്കത്തിന്രെ ചൂടിൽ വരുന്ന റൊണാൾഡോ ഖത്തറിൽ എന്ത് മാജിക് തീർത്താണ് മടങ്ങുകയെന്ന് കാത്തിരിക്കാം.
 
അർജന്‍റീനയുടെ ലിയോണൽ മെസ്സി

35 കാരൻ മെസ്സിക്ക് ഒരൊറ്റ ആഗ്രഹമേ നടക്കാനുള്ളൂ. രാജ്യത്തിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കണം. ഖത്തറിൽ അത് സാധിച്ചാൽ മെസ്സിക്ക് ഇനി ലോകകപ്പ് കളിച്ചില്ലെങ്കിലും വിരോധമില്ല. കോപ്പ അമേരിക്ക മാത്രമാണ് അ‍ജന്റീനയുടെ പുതിയ മിശിഹ രാജ്യത്തിന് വാങ്ങി ക്കൊടുത്തത്. ക്ലബ് ഫുട്ബോളിലെ വീര്യം രാജ്യത്തിന് വേണ്ടി ഇറങ്ങുന്പോൾ അത്ര പോരെന്ന വിമർശനത്തിന് മറുപടിയായി 2021ൽ കോപ്പ അമേരിക്ക കപ്പ് നേടിക്കൊടുത്തെങ്കിലും 2014ൽ  കൈവിട്ടുപോയ ലോകകിരീടം ഇന്നും ഒരു മുറിപ്പാടാണ്. ലോകകപ്പ് നേടിയാലേ ഏഴ് ബാലൻ ഡി ഓറിനും നൽകാൻ കഴിയാത്ത ആത്മസംതൃപ്തി കിട്ടൂ.
 
പോളണ്ടിന്‍റെ റോബർട്ട് ലെവൻഡോവ്സ്കി

34 കാരനായ റോബ‍‍ർട്ട് ലെവൻഡോവ്സ്കി മഹാനായ കളിക്കാരനാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ റൊണാൾഡോയും മെസ്സിയും തീർത്ത ഗരിമയുടെ നിഴലിലായിരുന്നു പലപ്പോഴും ലെവൻഡോവ്സ്കി. 134 മത്സങ്ങളിൽ നിന്നായി രാജ്യത്തിന് വേണ്ട്ി 76 ഗോളടിച്ച താരം പോളണ്ടിന്റെ എക്കാലത്തേയും സൂപ്പർ നായകനാണ്. ഈ 76ഗോളിൽ യോഗ്യതാമത്സരങ്ങളിൽ അടിച്ച 9 ഗോളുമുണ്ട്. 2018ൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തു പോയ ടീമിനെ ഇക്കുറി കൈപിടിച്ചു കുറച്ചു കൂടി മുന്നോട്ട് നടത്താനാണ് ലെവൻഡോവ്സ്കി ആഗ്രഹിക്കുന്നത്. റഷ്യയെ അയോഗ്യരാക്കിയതാണ് ഖത്തറിലേക്കുള്ള വരവ്  എളുപ്പമാക്കിയതെന്ന ചീത്തപ്പേര് മാറ്റണമെന്നും.
 
ഉറുഗ്വെയുടെ ലൂയി സുവാരെസ്

ഉറുഗ്വെയുടെ വികൃതിപ്പയ്യൻ മാത്രമല്ല ലൂയി സുവാരസ്. 35 കാരനായ സുവാരസിന്റെ നാലാമത് ലോകകപ്പ് ആണിത്. 2014ൽ പ്രീക്വാർടട്റിലും 2018ൽ ക്വാർട്ടറിലും കാലിടറും വരെ ടീമിനെ നയിച്ചതിൽ സുവാരസിന് വലിയ പങ്കുണ്ട്. പക്ഷേ 2014ൽ ഇറ്റലിയുടെ പ്രതിരോധതാരം ചെല്ലിനിയെ കടിച്ച സുവാരസിന്റെ ചിത്രമാണ് എക്കാലത്തേക്കുമായി ബാക്കിയായത്. ഇത്തവണ ക്ലബ് മത്സരങ്ങളിൽ നിന്ന് വീണ്ടെടുത്ത പുത്തൻ ഊ‌ർജവുമായി എത്തുകയാണ് സുവാരസ്. നാടിന് വേണ്ടി ഏറ്റവും ഗോളടിച്ച താരത്തിന്റെ ക്രെഡിരറിൽ ഇതുവരെ ഉള്ളത് 134 എണ്ണം. അത് സുവാരസ് എത്ര കൂട്ടുമെന്ന് കാത്തിരിക്കാം.
 
ക്രൊയേഷ്യയുടെ ലൂക മോഡ്രിച്ച്

പ്രായം കൂടുംതോറും ക്ഷീണം ഏറാത്ത, മറിച്ച് ഉഷാറു കൂടുന്ന അത്ഭുതത്തിന്രെ പേരാണ് ലൂക്ക മോഡ്രിച്ച്. കഴിഞ്ഞ തവണ രാജ്യത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ച് ക്രൊയേഷ്യക്കാരുടെ മാത്രമല്ല നായകനായത് മോഡ്രിച്ച്. വന്വൻ ടീമുകളോട് പോരടിക്കാനും പിന്നിൽ നിന്നാലും വർധിത വീര്യത്തോടെ തിരിച്ചുവരാനും മധ്യനിരയിൽ  പറന്നു കളിച്ച മോഡ്രിച്ചിന്റെ നായകഗുണം ലോകത്തിന്റെ ആകെ പ്രിയം ഏറ്റുവാങ്ങിയിരുന്നു. അതിന് കിട്ടിയ തിലകക്കുറിയായിരുന്നു ടൂർണമെന്റിലെ മികച്ച കളിക്കാരനായുള്ള അംഗീകാരം. 37കാരനായ മോഡ്രിച്ചിന്റെ അഞ്ചാമത് ലോകകപ്പ് ആണിത്.
 
ബ്രസീലിന്‍റെ ഡാനി ആൽവെസ്

39ആം വയസ്സിലും ഡാനി ആൽവെസിനെ ഒഴിവാക്കാൻ ബ്രസീലിന് കഴിഞ്ഞില്ല. ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് റൈറ്റ് ബാക്ക് ആണ് എന്നതു നത്നെ കാരണം.   കാൽമുട്ടിലെ പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പിൽ ടീമിനൊപ്പം ചേരാൻ കഴിയാതിരുന്ന ആൽവെസ് ഇക്കുറി ഉറപ്പിച്ചാണ്. അവസാന ലോകകപ്പിൽ ടീമിനൊപ്പം കിരീടം ഉയർത്തണം. ഇക്കാലമത്രയും ക്ലബ് മത്സരങ്ങലുടെ വീറും വാശിയും ഓരോ ഞരന്പിലും ഊർജമായി കാത്തുസൂക്ഷിച്ചാണ് ആൽവെസ് എത്തുന്നത്.
 
ജർമനിയുടെ മാനുവൽ നോയറും തോമസ് മ്യൂള്ളറും

മാനുവൽ നോയർ എന്നാൽ ജർമനി ലോകഫുട്ബോളിന് നൽകിയ മഹാൻമാരായ ഗോളികളുടെ കൂട്ടത്തിളൊരാൾ. നാലാമത് ലോകകപ്പിനെത്തുന്പോൾ പ്രായം 36. ഗോൾവല കാത്ത മികവിന് അന്താരാഷ്ട്ര പുരസ്കാരങ്ങലുടെ പെരുമഴ പെയ്ത വീട്ടിൽ നിന്ന് നോയർ എത്തുന്നത് കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയങ്ങലുടെ വേദന മാറ്റാനാണ്. ക്ഷീണം മാറ്റാനാണ്. പുതിയ ഊർജം കണ്ടെത്തി വിട വാങ്ങാനാണ്. നോയറിന്റെ കൂട്ടുകാരനായ തോമസ് മ്യൂള്ളറിന് കളിക്കാൻ മാത്രമല്ല അറിയുക കളിപ്പിക്കാനുമാണ്.  ഒപ്പമുള്ളവർക്ക് നല്ല കൂട്ടുകാരനും വഴികാട്ടിയുമാണ് മ്യുള്ളർ. 2010 ലോകകപ്പിലെ മികച്ച യങ് പ്ലെയർ ആയിരന്ന മ്യൂള്ളർ ഏറ്റവും ഗോളടിച്ച മിടുക്കൻമാരുടെ കൂട്ടത്തിലും ഉൾപെട്ടിരുന്നു.  2014ലും മ്യൂള്ളർ മോശമാക്കിയില്ല. പക്ഷേ ജർമൻ ആരാധകർക്ക് വലിയ ക്ഷീണമായിരുന്നു 2018ലെ ടൂർണമെന്റ് . അതു മാറ്റാൻ ഉറച്ചാണ് 33 കാരൻ എത്തുന്നത്. ഇിനിയൊരു ലോകകപ്പ് ഉറപ്പില്ലാത്തതു കൊണ്ട് പ്രത്യേകിച്ചും.

ഫുട്ബോൾ മാന്ത്രികതയുടെ  കാൽസ്പർശവുമായി ഇവരിലാരൊക്കെ കണക്കുകൂട്ടലും വിലയിരുത്തലുകളും തെറ്റിക്കുമെന്ന് നമുക്ക് കാത്തിരിക്കാം. കാരണം ആ തെറ്റിക്കലിന്, തിരുത്തലിന് വല്ലാത്തൊരു മഹിമയുണ്ടാകും.  മുൻധാരണകളും കണക്കുകൂട്ടലുകളും തെറ്റിച്ചെത്തുന്ന അത്തരം വരവുകൾ എല്ലാവർക്കും പോസിറ്റിവിറ്റിയുടെ മത്സരവീര്യത്തിന്‍റെ അധ്വാനത്തിന്‍റെ അർപ്പണബോധത്തിന്‍റെ ഒക്കെ പുതിയ പാഠവുമാകും.

click me!