യൂറോ കപ്പ് ഫൈനലില്‍ ഗ്രൗണ്ടിലിറങ്ങിയാലും ഗോളടിച്ചാലും ലാമിന്‍ യമാലിനെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

By Web Team  |  First Published Jul 14, 2024, 9:52 AM IST

തകർക്കാനെളുപ്പമല്ലാത്ത ഒരു കൂട്ടം റെക്കോ‍ർഡുകളാണ് കലാശ പോരാട്ടത്തിലും ലാമിൻ യമാലിനായി കാത്തിരിക്കുന്നത്.


ബെര്‍ലിൻ: റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിക്കുകയാണ് സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ. ഇംഗ്ലണ്ടിനെതിരെ കിരീടപ്പോരിനിറങ്ങുമ്പോഴും യമാലിനെ കാത്തിരിക്കുന്നത് ഒരു കൂട്ടം റെക്കോർഡുകളാണ്. കാലുകളിൽ പന്തെത്തിയാൽ മായാജാലം കാണിക്കുന്ന കൊച്ചു പയ്യൻ. പന്തടക്കത്തിലും വേഗത്തിലുമെല്ലാം കാറ്റലോണിയൻ കളി മികവ്. മെസിയും റൊണാൾഡോയും ഒഴിച്ചിടുന്ന സിംഹാസനത്തിലേക്ക് ചുവടുവയ്ക്കുകയാണ് ബാഴ്സയുടെയും സ്പെയിന്‍റെന്‍റെയും വണ്ടര്‍ കിഡ് ആയ പതിനേഴുകാരൻ.

യൂറോ യോഗ്യത മത്സരത്തിൽ ജോർജിയൻ വലയിൽ നിറയൊഴിക്കുമ്പോൾ ലാമിൻ യമാലിനു പ്രായം 16 വയസും 57 ദിവസവും. യൂറോയിൽ പന്തു തട്ടിയ അന്ന് തന്നെ ടൂർണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം യമാല്‍ സ്വന്തം പേരിലെഴുതി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി റെക്കോര്‍ഡുകള്‍ അടിച്ചു കൂട്ടി യമാല്‍ മുന്നേറി. ഇതിനിടെ ഫുട്ബോൾ ഇതിഹാസം പെലെയുടെ രണ്ടു റെക്കോർഡുകളും ലാമിൻ സ്വന്തം പേരിൽ കുറിച്ചു. ഒരു പ്രധാന ടൂർണമെന്‍റിന്‍റെ സെമി കളിച്ച, ഒപ്പം ഗോൾ നേടിയ പ്രായം കുറഞ്ഞ ഫുട്ബോളർ.

Latest Videos

undefined

യൂറോയില്‍ ഇന്ന് കീരീടധാരണം, സ്പെയിനിന്‍റെ എതിരാളികള്‍ ഇംഗ്ലണ്ട്, മത്സരം കാണാനുള്ള വഴികള്‍; ഇന്ത്യൻ സമയം

തകർക്കാനെളുപ്പമല്ലാത്ത ഒരു കൂട്ടം റെക്കോ‍ർഡുകളാണ് കലാശ പോരാട്ടത്തിലും ലാമിൻ യമാലിനായി കാത്തിരിക്കുന്നത്. ബെ‍ർലിനിറങ്ങുമ്പോൾ ലാമിൻ യൂറോ ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും. 2016 ൽ തന്‍റെ 18-ാംവയസിൽ യൂറോ കപ്പുമായി മടങ്ങിയ പോർച്ചുഗൽ താരം റെനാറ്റോ സാഞ്ചസിന്‍റെ പേരിലാണ് നിലവിലെ റെക്കോർഡ്. ഗോൾ നേട്ടം ആവർത്തിച്ചാൽ ഇറ്റാലിയൻ താരം പേട്രോ അനസ്താസിയുടെ റെക്കോർഡും ലാമിന്‍ യമാലിന്‍റെ പേരിലാകും. വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം യൂറോ കപ്പിൽ മുത്തമിടുന്നത് സ്വപ്നം കാണുന്നുണ്ടാകും ആ കൗമാര പ്രതിഭ. ആരാധകരുടെ വാക്കുകളിൽ പറഞ്ഞാൽ മെസി ജ്ഞാനസ്നാനം ചെയ്ത പയ്യൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!