പത്ത് വര്‍ഷത്തെ കരാര്‍, റെക്കോര്‍ഡ് തുകയും! പിഎസ്ജിയുടെ പണക്കൊഴുപ്പില്‍ എംബാപ്പെ വീഴുമോ?

By Web Team  |  First Published Jul 21, 2023, 11:29 AM IST

പിഎസ്ജിയുമായി 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയന്‍ എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡ് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്.


പാരീസ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ അവിശ്വസനീയ ഓഫറുമായി പിഎസ്ജി. 100 കോടി യൂറോ പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് മുന്നില്‍ വച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ പറയാം. എന്നാല്‍ പിഎസ്ജിയുടെ പണത്തില്‍ വീഴില്ലെന്നാണ് എംബാപ്പെ പറയുന്നത്. താരം റയല്‍ മാഡ്രിഡിലേക്ക് പോയേക്കും. 

റയല്‍ മാഡ്രിഡ് അഞ്ച് വര്‍ഷത്തെ കരാറാണ് എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിട്ടുള്ളത്. പിഎസ്ജിയുമായി 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയന്‍ എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡ് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. 50 ദശലക്ഷം യൂറോ വാര്‍ഷിക പ്രതിഫലവും അഞ്ച് വര്‍ഷ കരാറുമാണ് ഓഫര്‍. വന്‍തുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. റയലും എംബാപ്പെയും കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Latest Videos

undefined

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ക്ലബിന്റെയോ താരത്തിന്റേയോ ഭാഗത്തുനിന്നില്ല. പിഎസ്ജിയെ പ്രകോപിപ്പിക്കുന്ന ഓഫറാണിപ്പോള്‍ റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്ക് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ തുക നല്‍കാതെ പിഎസ്ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാവും വരെ റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്കായി ഒരു വര്‍ഷം കൂടി കാത്തിരിക്കും. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഈ സീസണില്‍ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ താരത്തെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ വിട്ടുനില്‍കില്ലെന്നും കരാര്‍ പുതുക്കുമോ ഇല്ലയോ എന്ന് ഈ മാസം അവസാനിക്കും മുന്‍പ് അറിയിക്കണമെന്നുമാണ് പിഎസ്ജിയുടെ നിലപാട്.

click me!