മെസി ഒമ്പത് ഗോളടിക്കാന്‍ അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ലോകകപ്പിലെ ഒമ്പതാം ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങള്‍ മാത്രം.
ദോഹ: പോളണ്ടിനെതിരായ ഇരട്ടഗോള്‍ നേട്ടത്തോടെ ഖത്തറിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായി കിലിയന്‍ എംബാപ്പെ. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോള്‍ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യഗോള്‍ കൂടിയായിരുന്നിത്.
മെസി ഒമ്പത് ഗോളടിക്കാന്‍ അഞ്ച് ലോകകപ്പുകളില്‍ 23 മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ലോകകപ്പിലെ ഒമ്പതാം ഗോള്‍ നേടാന്‍ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങള്‍ മാത്രം. തന്റെ രണ്ടാം ലോകകപ്പില്‍ തന്നെ ഇതിഹാസ താരങ്ങളെ പിന്നിലാക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. 24 വയസിനിടെ ഏറ്റവുമധികം ലോകകപ്പ് ഗോള്‍ നേടിയ താരമെന്ന പെലെയുടെ റെക്കോര്‍ഡ് എംബാപ്പെ സ്വന്തം പേരിലാക്കി. ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരവുമായി എംബാപ്പെ.
undefined
ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, സിനദിന്‍ സിദാന്‍, തിയറി ഒന്റി തുടങ്ങിയവരെല്ലാം എംബാപ്പെയ്ക്ക് പിന്നിലാണ്. നാല് ലോകകപ്പുകളിലായി 16 ഗോള്‍ നേടിയ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് ഗോള്‍വേട്ടയില്‍ ഒന്നാമത്. 24 മത്സരങ്ങളാണ് ക്ലോസെ ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. എംബാപ്പെ ഈ മിന്നും ഫോം തുടര്‍ന്നാല്‍ ക്ലോസെയുടെ റെക്കോര്‍ഡ് ക്ലോസ് ചെയ്യാന്‍ അധികസമയം വേണ്ടിവരില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നത്. എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ടിനെ നേരിടും.
ആരാധകരെ ശാന്തരാകുവിന്‍; ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിക്കാന്‍ സാധ്യത