50 ലക്ഷം വേണം, സ്പോണ്‍സര്‍മാരില്ല; ഐ ലീഗ് പ്രവേശനം വഴിമുട്ടി ഗോള്‍ഡൻ ത്രഡ്‌സ്

By Jomit Jose  |  First Published Aug 19, 2022, 9:42 AM IST

രാജ്യത്തിന്‍റെ അഭിമാനം ടി.പി.രഹ്നേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഗോള്‍ഡൻ ത്രഡ്‌സിൽ കളിച്ചവരാണ് 


കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാരായ ഗോള്‍ഡൻ ത്രഡ്‌സിന്‍റെ ഐ ലീഗ് പ്രവേശനം വഴിമുട്ടി. സ്പോൺസർമാരെ ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് പിന്നിൽ. ഐ ലീഗിന് പോകാനായില്ലെങ്കിൽ ദേശീയ തലത്തിൽ കളിക്കാനുള്ള അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ടീമിലെ താരങ്ങൾ.

കൊച്ചിയിലെ സാധാരണക്കാരിൽ സാധാരണക്കാരായ യുവാക്കൾ കളിക്കുന്ന ഫുട്ബോൾ ടീമാണ് ഗോള്‍ഡൻ ത്രഡ്‌സ്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ വമ്പന്മാരെ മുട്ടുകുത്തിച്ചാണ് ടീം കഴിഞ്ഞ തവണ കേരള പ്രമീയർ ലീഗ് ചാമ്പ്യന്മാരായത്. ഇതിലൂടെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനുള്ള അവസരം തുറന്നുകിട്ടി. പക്ഷേ ആഹ്ലാദം പതിയെ പ്രതിസന്ധിയിലേക്ക് കടപുഴകിവീണു. ഐ ലീഗിന് ടീമിനെ കളത്തിലിറക്കണമെങ്കിൽ അരക്കോടിയോളം രൂപ വേണം. സ്പോൺസർമാരില്ലാതെ ഈ കടമ്പ കടക്കാനാവില്ല.

Latest Videos

കേരള പ്രീമീയർ ലീഗിലെ പ്രകടത്തിന്‍റെ അടിസ്ഥാനത്തിൽ ടീമിലെ മൂന്ന് പേർ സന്തോഷ് ട്രോഫി കളിച്ചു. സോയൽ ജോഷിയെ ഐഎസ്എല്ലിൽ ഹൈദരാബാദ് റാഞ്ചി. മൂന്ന് പേരെ ഐ ലീഗ് ടീമുകളായ ഗോകുലം കേരളയും റിയൽ കാഷ്മീരും സ്വന്തമാക്കി. ടീമിലെ ബാക്കി കളിക്കാർക്ക് ദേശീയ തലത്തിൽ കളി മികവ് പ്രദർശിപ്പിക്കാനുള്ള വേദിയാകും ഐ ലീഗ് രണ്ടാം ഡിവിഷൻ. രാജ്യത്തിന്‍റെ അഭിമാന താരം ടി.പി.രഹ്നേഷ് ഇതുപോലെ ഗോള്‍ഡൻ ത്രഡ്‌സിൽ കളിച്ച് തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ കളിക്കാർ ഒരു കൈത്താങ്ങ് ആവശ്യപ്പെടുകയാണ്. കൊച്ചിയില്‍ 2010 ഏപ്രില്‍ 10നാണ് ഗോള്‍ഡൻ ത്രഡ്‌സ് ഫുട്ബോള്‍ ക്ലബ് രൂപീകരിച്ചത്. 

ആരാധകരുടെ കാസിം ഭായ് റയല്‍ വിടുമോ? കാസിമിറോയ്‌ക്കായി കരുക്കള്‍ നീക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; വിലയിട്ടു

click me!