കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ ആദ്യ എവേ മത്സരത്തിന്! എതിരാളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web TeamFirst Published Sep 28, 2024, 11:52 PM IST
Highlights

പനിമാറിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീമില്‍ തിരിച്ചെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് കൂടുമെന്നുറപ്പ്.

കോച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ആദ്യ എവേ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയം ഗുവാഹത്തിയിലും ആവര്‍ത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മറുവശത്ത് മോഹന്‍ ബഗാനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്നാം മത്സരത്തില്‍ രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സും ഹൈലാന്‍ഡേഴ്‌സും മുഖാമുഖം. 

പനിമാറിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീമില്‍ തിരിച്ചെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് കൂടുമെന്നുറപ്പ്. ഡാനിഷ് ഫാറൂഖിന് പകരം മുഹമ്മദ് ഐമനും ആദ്യ ഇലവനിലെത്താന്‍ സാധ്യത. നോവ സദൂയി, ഹെസൂസ് ഹിമെനെ, ക്വാമെ പെപ്ര എന്നിവര്‍ക്കൊപ്പം കെപി രാഹുലുംകൂടി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ ഹൈലാന്‍ഡേഴ്‌സിനെ മറികടക്കുക ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാവില്ല. മലയാളിതാരം എം എസ് ജിതിന്‍ ഉള്‍പ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറന്‍ഡ് കപ്പ് നേടിയ ആത്മവിശ്വാസത്തിലാണ്. 

Latest Videos

സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആവേശം ഇരട്ടിയാക്കും. ഇരുടീമും നേര്‍ക്കുനേര്‍ വന്നത് ഇരുപത് മത്സരങ്ങളില്‍. ബ്ലാസ്റ്റേഴ്‌സ് എട്ടിലും നോര്‍ത്ത് ഈസ്റ്റ് അഞ്ചിലും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍. ബ്ലാസ്റ്റേഴ്‌സ് ആകെ 22 ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്ററിന് നേടാനായത് പതിനഞ്ച് ഗോള്‍.

കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഛേത്രി

ഐഎസ്എല്‍ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി. മോഹന്‍ ബഗാനെതിരെ 51ആം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് ഛേത്രി റെക്കോര്‍ഡിട്ടത്. 158 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളാണ് ഛേത്രി നേടിയത്. 63 ഗോള്‍ നേടിയ ബെത്തലൂമിയോ ഓഗ്‌ബെച്ചയുടെ റെക്കോര്‍ഡാണ് ഛേത്രി തകര്‍ത്തത്. ഐഎസ്എലില്‍ 11 അസിസ്റ്റുകളും ഛേത്രി നടത്തിയിട്ടുണ്ട്.
 

click me!