ഗ്രൗണ്ടിനകത്തും പുറത്തും പ്രതിഷേധം; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിര്‍ണായക പോരിന്, മുഹമ്മദന്‍സ് എതിരാളി

By Web Team  |  First Published Dec 22, 2024, 3:31 PM IST

മുഖ്യ പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്.


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം. ലീഗിലെ അവസാന സ്ഥാനക്കാരായ മൊഹമ്മദന്‍സാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. താത്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമനു കീഴിലാണ് ടീമിറങ്ങുന്നത്. കൊച്ചിയില്‍ വൈകീട്ട് 7.30നാണ് മത്സരം. മാനേജ്‌മെന്റിനെതിരെ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകക്കൂട്ടായ്മ പ്രതിഷേധിക്കുന്നതിനിടെയാണ് മത്സരം. ജയിച്ചേ മതിയാകു ബ്ലാസ്റ്റേഴ്‌സിന്. ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. 

മുഖ്യ പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തില്‍. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന് മുന്നില്‍. കളിച്ച 12 മത്സരങ്ങളില്‍ ഏഴ് തോല്‍വിയും രണ്ട് സമനിലയുമുളള ടീമിന് ആശ്വസിക്കാന്‍ മൂന്ന് വിജയം മാത്രം. ലീഗിലെ ഏറ്റവും മോശം പ്രതിരോധ നിര. നേരിയ സാധ്യതകള്‍ മാത്രമുളള പ്ലേ ഓഫ് എന്ന ഹിമാലയന്‍ ദൗത്യം. പക്ഷെ ടീമിനെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന ആത്മവിശ്വാസമുണ്ട് ഈ മലയാളി പരിശീലകന്.

Latest Videos

undefined

നായകന്‍ അഡ്രിയാന്‍ ലൂണയുടെ നിറം മങ്ങിയ പ്രകടനവും ഫോമിലേക്കെത്താനാകാതെ വലയുന്ന ഗോളി സച്ചിന്‍ സുരേഷുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നുണ്ട്. ടീം തോല്‍ക്കുമ്പോഴും ഗോളടിച്ചും അടിപ്പിച്ചും നോവ സദോയിയും ഹെസ്യൂസ് ഹിമെനെയും പ്രതീക്ഷ നല്‍കുന്നുണ്ട്. ദുര്‍ബലരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗാണ് മറുവശത്ത്. ആകെ ഒരു ജയവും എട്ട് തോല്‍വിയുമുളള മുഹമ്മദന്‍സിന് ആശ്വാസജയമാണ് ലക്ഷ്യം. മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ വീഴ്ത്തിയിരുന്നു.

ഈ സീസണില്‍ മുന്‍പൊന്നും കാണാത്ത ആരാധക കൂട്ടത്തെ കൊച്ചിയിലിന്ന് കാണാം. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച മഞ്ഞപ്പടയെ ഒരു ജയത്തിലൂടെ സന്തോഷിപ്പിക്കാനുകുമോ ബ്ലാസ്റ്റേഴ്‌സിന്.കാത്തിരുന്നു കാണാം.

click me!