ബംഗളൂരുവിനോട് പകവീട്ടാന്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം! മത്സരം കോഴിക്കോട്; സൂപ്പര്‍ കപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍

By Web Team  |  First Published Mar 7, 2023, 4:16 PM IST

ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പിന് കോഴിക്കോട് തുടക്കമാവുക.


മുംബൈ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരെ വിവാദ ഗോളില്‍ തോറ്റ് പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സിന് പക വീട്ടാന്‍ സുവര്‍ണാവസരം. അടുത്ത മാസം പതിനാറിന് സൂപ്പര്‍ കപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. പ്ലേ ഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. 

ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പിന് കോഴിക്കോട് തുടക്കമാവുക. ഇതില്‍ നിന്ന് ജയിക്കുന്ന അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട മത്സരങ്ങള്‍. സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരും ഏറ്റുമുട്ടി ജയിക്കുന്നവരായിരിക്കും അടുത്ത സീസണിലെ എ എഫ് സി കപ്പിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടുക.

Latest Videos

undefined

നാലു ഗ്രൂപ്പുകളിലായിട്ടാണ് മത്സരം. ഗ്രൂപ്പ് എയിലാണ് ബംഗളൂരു എഫ്‌സിയും ബ്ലാസ്റ്റേഴ്‌സും. റൗണ്ട് ഗ്ലാസ് പഞ്ചാബും ഒരു യോഗ്യത റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയില്‍ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കോഴിക്കോട് വെച്ചാണ് നടക്കുന്നത്. യോഗ്യത മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 21നും 22നും ആകും സെമി ഫൈനലുകള്‍. ഏപ്രില്‍ 25ന് കോഴിക്കോട് വെച്ച് ഫൈനലും നടക്കും.

അതേസമയം, വിവാദ ഗോളിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്‌കരിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ബംഗളൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്നുമുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യവും വൈഭവ് ഗഗ്ഗാറിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി തള്ളി. വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് അച്ചടക്ക  നടപടിയാണ് സമിതി സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: അഹമ്മദാബാദ് ടെസ്റ്റ് സമനിലയായാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍

click me!