ഇവാനെ പിന്തുണച്ച് ആരാധകരെത്തിയത്. ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ലെന്നാണ് മഞ്ഞപ്പട ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസറ്റില്‍ പറയുന്നത്.
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ പിന്തുണച്ച് ക്ലബിന്റെ ഔദ്യോഗിക ആരാധകവൃന്ദമായ മഞ്ഞപ്പട. ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കാരണക്കാരനായ ഇവാനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇവാനെ ടൂര്‍ണമെന്റില്‍ ഐഎസ്എല്ലില്‍ വിലക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ക്ലബിനെതിരേയും നടപടിയുണ്ടായേക്കും.
ഇതിനിടെയാണ് ഇവാനെ പിന്തുണച്ച് ആരാധകരെത്തിയത്. ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ലെന്നാണ് മഞ്ഞപ്പട ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസറ്റില്‍ പറയുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം...
''റഫറിയിങ്ങിലെ പാളിച്ചകള്‍ മറയ്ക്കാനും ഇഷ്ടക്കാരെ സംരക്ഷിക്കാനുമായി അതിനെതിരേ പ്രതികരിച്ച കോച്ച് ഇവാനെതിരെ പ്രതികാരത്തിന്റെ വാള്‍ത്തലപ്പു വീശാനൊരുങ്ങി AIFF-FSDL സംയുക്തസമിതി..!
ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നുവേണം കരുതാന്‍. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള്‍ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- *'#ISupportIvan*
നിങ്ങളുടെ കാഴ്ചപ്പാടുകള്‍ വിഡിയോ/ഫോട്ടോ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലും അതോടൊപ്പം ഫുട്‌ബോള്‍ ലോകത്തും എത്തട്ടെ..അധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ..
വീഡിയോയോ 'കടൗുുീൃകേ്മി' എന്ന ഹാഷ്ടാഗ് എഴുത്ത് കയ്യില്‍ പിടിച്ചുള്ള ഫോട്ടോയോ, #ISupportIvan എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്തു മഞ്ഞപ്പടയെയും AIFF നേയും ISL നേയും ടാഗ് ചെയ്യുക
_നിങ്ങളുടെ പ്രതികരണങ്ങള്‍ മഞ്ഞപ്പട ഇന്‍സ്റ്റാഗ്രാം/ഫേസ്ബുക് സ്റ്റോറിയില്‍ ഷെയര്‍ ചെയ്യുന്നതായിരിക്കും_''
ഇവാനെ വിലക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു. അതേസമയം, ഭീമമായ തുക ബ്ലാസ്റ്റേഴ്സ് പിഴയടയ്ക്കേണ്ടി വരില്ല. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാന്‍ കാരണം. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാന്‍ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ... ''താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരം പിഴവുകള്‍ പതിവാവകുയാണ്. തോല്‍വിക്ക് ശേഷം ആരാധകരെ ആശ്വസിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിവാദഗോളിനെ കുറിച്ച് മുന്‍ റഫറിമാരുടെ റിപ്പോര്‍ട്ടും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയിട്ടുണ്ട്.'' വുകോമാനോവിച്ച് പറഞ്ഞു.
ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫിന്റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.