ഹൃദയഭേദകം; കരച്ചില്‍ അടക്കിപ്പിടിച്ച് സഹല്‍ അബ്ദുള്‍ സമദിന് മഞ്ഞപ്പടയുടെ യാത്രയപ്പ്, ആശംസ

By Web Team  |  First Published Jul 14, 2023, 3:55 PM IST

ഐ എം വിജയന്‍ അടക്കമുള്ള ഇതിഹാസ ഫുട്ബോളർമാർക്ക് സ്വന്തം വീട് പോലെ ആതിഥേയത്വമൊരുക്കിയ മണ്ണിലേക്കാണ് സഹല്‍ പന്ത് തട്ടാനായി പോകുന്നത് എന്ന ഏക ആശ്വാസത്തിലാണ് മഞ്ഞപ്പട ആരാധകർ


കൊച്ചി: ഡേവിഡ് ജയിംസ്, ഇയാന്‍ ഹ്യൂം... എത്രയോ ലോകോത്തര താരങ്ങള്‍ അറബിക്കടലിന്‍റെ റാണിയെ തേടി വന്നു, മഞ്ഞപ്പടയുടെ ഹൃദയം കീഴടക്കി, ഒടുവില്‍ യാത്ര പറഞ്ഞ് പോയി! എന്നാല്‍ ഇതിന് മുമ്പൊന്നും ഇത്ര ഹൃദയഭേദകമായ യാത്ര പറച്ചില്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിലുണ്ടായിട്ടില്ല. യുഎഇയില്‍ പന്ത് തട്ടിത്തുടങ്ങി, കേരളത്തിലെത്തി അടവുകള്‍ ചെത്തിമിനുക്കി, ക്ലബിന്‍റെ ഹീറോയായി മാറി സഹല്‍ അബ്ദുള്‍ സമദ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറുകയാണ്. ഐ എം വിജയന്‍ അടക്കമുള്ള ഇതിഹാസ ഫുട്ബോളർമാർക്ക് സ്വന്തം വീട് പോലെ ആതിഥേയത്വമൊരുക്കിയ മണ്ണിലേക്കാണ് സഹല്‍ പന്ത് തട്ടാനായി പോകുന്നത് എന്ന ഏക ആശ്വാസത്തിലാണ് മഞ്ഞപ്പട ആരാധകർ. 

'സഹലേ, സഹലേ'...ഐഎസ്എല്‍ 2023-24 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ കൊച്ചിയിലിരമ്പുന്ന ഗ്യാലറിയില്‍ മഞ്ഞയണിഞ്ഞ ആരാധകക്കൂട്ടം ഇനിയാ വിളിക്ക് അവകാശികളല്ല. സഹല്‍ ക്ലബ് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സാമൂഹ്യമാധ്യമങ്ങളില്‍ അറിയിച്ചപ്പോള്‍ നെഞ്ചുപൊട്ടിയാണ് ആരാധകർ വാർത്തയെ സ്വീകരിച്ചത്. ദിവസങ്ങളായി കേട്ടിരുന്ന അഭ്യൂഹങ്ങള്‍ വെറും കെട്ടുകഥകളായിരിക്കണേ എന്ന് പ്രാർഥിച്ച ആരാധകരെ നിരാശരാക്കുകയായിരുന്നു ക്ലബിന്‍റെ വമ്പന്‍ പ്രഖ്യാപനം. സഹലിനെ വിട്ടുനല്‍കാന്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റുമായി കരാറിലെത്തിയതായി ബ്ലാസ്റ്റേഴ്സ് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

Latest Videos

undefined

'ഒരായിരം നന്ദി സഹല്‍' എന്ന തലക്കെട്ടോടെ താരത്തിന്‍റെ ചുവടുമാറ്റ വാർത്ത ബ്ലാസ്റ്റേഴ്സ് അറിയിച്ചപ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന ആശങ്കയിലായി ആരാധകർ. ബ്ലാസ്റ്റേഴ്സിന്‍റെ ഐക്കണ്‍ താരം ക്ലബ് വിടുന്നു എന്ന് പലർക്കും വിശ്വസിക്കാനായില്ല. എങ്കിലും ആരാധകർ എല്ലാവരും സാമൂഹ്യമാധ്യമങ്ങളില്‍ സഹലിന് ആശംസകള്‍ നേരുകയാണ്, അത്രയേറെ പ്രിയപ്പെട്ടൊരുവന്‍ എന്നുറപ്പിച്ചുകൊണ്ട്. സഹലിനെ മിസ് ചെയ്യും എന്ന് മഞ്ഞപ്പട ആരാധകർ തറപ്പിച്ചുപറയുന്നു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കൊല്‍ക്കത്തന്‍ ക്ലബിന്‍റെ ആരാധകരെയും ബ്ലാസ്റ്റേഴ്സിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ കാണാം. ഇന്ത്യയുടെ ദേശീയ ക്ലബിലേക്ക് സ്വാഗതം എന്നാണ് ബഗാന്‍ ആരാധകരുടെ കമന്‍റുകള്‍.  

രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തിയത്. യുഎഇയില്‍ നിന്ന് വന്ന മലയാളി പയ്യന്‍ പിന്നീട് ക്ലബിന്‍റെയും ദേശീയ ടീമിന്‍‌റേയും ശ്രദ്ധാകേന്ദ്രമായി മാറി. കെബിഎഫ്സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. സഹലിന്‍റെ ട്രാൻസ്ഫർ ഫീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും. സഹലിന് പകരം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് പരിചയസമ്പന്നനായ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് കൈമാറിയിട്ടുണ്ട്. 

Read more: 'യുവതാരമായി വന്നു, ബ്ലാസ്റ്റേഴ്സ് ഐക്കണായി പോകുന്നു'; സഹല്‍ അബ്ദുള്‍ സമദിനെ വാഴ്ത്തി ഐഎസ്എല്‍ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!