അന്നാലും എന്‍റെ ജപ്പാനെ! നെഞ്ചുനീറി കേരളത്തിലെ ആരാധകർ, ഫ്ലെക്സിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ച് പ്രാര്‍ത്ഥന

By Web Team  |  First Published Dec 6, 2022, 7:17 PM IST

ജര്‍മനിയെയും സ്പെയിനെയും തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ എത്തിയ ജപ്പാന് ക്രൊയേഷ്യക്കെതിരെ വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷകള്‍


പാലക്കാട്: ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടുള്ള ജപ്പാന്‍റെ തോൽവിയിൽ മനംനൊന്ത് വ്യത്യസ്ത പ്രതിഷേധവുമായി അട്ടപ്പാടി അഗളിയിലെ ഫുട്ബോൾ ആരാധകർ. തങ്ങളുടെ ഇഷ്ട സംഘത്തിന്‍റെ പരാജയം ഉൾക്കൊള്ളാനാകാതെ ടീമിന്‍റെ ഫ്ലെക്സിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ചും പ്രാർത്ഥിച്ചുമാണ് അവർ സങ്കടം പങ്കിട്ടത്. ലോകകപ്പ് തുടങ്ങിയ സമയം മുതൽ തന്നെ ജപ്പാന്‍റെ ഫ്ലെക്സുകളും തോരണങ്ങളും കൊണ്ട് അട്ടപ്പാടിയുടെ സിരാ കേന്ദ്രമായ അഗളിക്ക് ഇവർ നിറച്ചാർത്തേകിയിരുന്നു.

ജര്‍മനിയെയും സ്പെയിനെയും തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ എത്തിയ ജപ്പാന് ക്രൊയേഷ്യക്കെതിരെ വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷകള്‍. അവസാന നിമിഷം വരെ യൂറോപ്യന്‍ കരുത്തരും കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരുമായ ക്രൊയേഷ്യയോട് ജപ്പാന്‍ പൊരുതിയെങ്കിലും അവസാനം ഷൂട്ടൗട്ടില്‍ വീഴുകയായിരുന്നു. ജപ്പാനെതിരെ ക്രൊയേഷ്യയുടെ രക്ഷകനായത് ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ്.

Latest Videos

undefined

ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ജപ്പാന്റെ ആദ്യ കിക്കെടുത്ത തകുമി മിനാമിനോ, കൗറു മിതോമ എന്നിവര്‍ക്ക്  പിഴച്ചപ്പോള്‍ ക്രൊയേഷ്യയുടെ നിക്കോളാ വ്‌ളാസിച്ച്, മാഴ്‌സെലോ ബ്രോസോവിച്ച് എന്നിവര്‍ കിക്കുകള്‍ ഗോളാക്കി. ജപ്പാന്റെ മൂന്നാം കിക്കെടുത്ത തകുമോ അസാനോ ഗോളാക്കി ജപ്പാന് ആശ്വസിക്കാന്‍ വക നല്‍കി.

ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാര്‍കോ ലിവാജയ്ക്ക് പിഴയ്ക്കുകയും ചെയ്തു. ജപ്പാന്റെ നാലാം കിക്കെടുത്ത മയ യോഷിദയ്ക്ക് പിഴച്ചപ്പോള്‍ ക്രോയേഷ്യയുടെ നാലാം കിക്കും ഗോളാക്കി മരിയോ പസാലിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലെത്തിക്കുകയായിരുന്നു. നേരത്തെ, 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.

'ഖത്തര്‍ അമ്പരിപ്പിക്കുന്നു'; വാനോളം പ്രശംസിച്ച് റിഷി സുനക്, ലോകകപ്പ് കണ്ടിട്ടാണോ പറയുന്നതെന്ന് മറുചോദ്യം

click me!