ഇവാനെതിരെ എഐഎഫ്‌എഫിന്‍റെ അച്ചടക്ക നടപടിയുണ്ടാകും എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്
മുംബൈ: ഐഎസ്എല്‍ ഒന്‍പതാം സീസണിന്‍റെ നോക്കൗട്ടില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ ഇറങ്ങിപ്പോക്കിന്‍റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ എന്ത് നടപടി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കൈക്കൊള്ളും എന്ന ഭയത്തിലാണ് ആരാധകര്‍. ബെംഗളൂരു എഫ്‌സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ തന്‍റെ താരങ്ങളുമായി മൈതാനം വിടുകയായിരുന്നു ഇവാന്‍ ചെയ്തത്.
ഇവാനെതിരെ എഐഎഫ്‌എഫിന്‍റെ അച്ചടക്ക നടപടിയുണ്ടാകും എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇതില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെങ്കിലും ഇവാന്‍ വുകോമനോവിച്ചിനെ രാജ്യാന്തര തലത്തില്‍ വിലക്കാന്‍ നിയമപരമായി ഇടപെടാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കഴിയില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. ഇതോടെ ഐഎസ്എല്ലില്‍ വിലക്ക് വന്നാലും വിദേശ ക്ലബുകളില്‍ ഇവാന് പരിശീലകനാവാന്‍ കഴിയും.
Yes, AIFF won't get into the legalities of an international ban. https://t.co/cEBGJp2RGK
— Marcus Mergulhao (@MarcusMergulhao)
undefined
ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാകാന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്‌എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം. ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.
എക്‌സ്‌ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടപ്പോള്‍ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയില്‍ എത്തി. ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിയെടുക്കരുത് എന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മഞ്ഞപ്പട ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ക്യാംപയിനാണ് നടത്തുന്നത്.
ബ്ലാസ്റ്റേഴ്‌സിന് പണിയാകുമോ? ഇവാന്‍ ആശാന് എഐഎഫ്എഫ് നോട്ടീസ് നല്‍കി, നടപടിക്ക് സാധ്യത!