രക്ഷകനും വില്ലനും മൊറാട്ട; സ്‌പെയ്‌നിനെ മറികടന്ന് അസൂറികള്‍ യൂറോ ഫൈനലില്‍

By Web Team  |  First Published Jul 7, 2021, 3:55 AM IST

ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയ മൊറാട്ട തന്നെ സ്‌പെയ്‌നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു.


ലണ്ടന്‍: സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയ മൊറാട്ട തന്നെ സ്‌പെയ്‌നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഷൂട്ടൌട്ടില്‍ 4-2ന്‍റെ ജയമാണ് ഇറ്റലി സ്വന്തമാക്കിയത്. ഇംഗ്ലണ്ട്- ഡെന്‍മാര്‍ക്ക് മത്സരത്തിലെ വിജയികളെയാണ് ഇറ്റലി ഫൈനലില്‍ നേരിടുക.

ആദ്യ പകുതിയില്‍ സ്‌പെയ്‌നിന് തന്നെയായിരുന്നു മുന്‍തൂക്കം. ചെറുതും വലുതുമായ അഞ്ച് ഗോള്‍ ശ്രമങ്ങല്‍ നടത്തി. മറുവശത്ത് ഇറ്റലിക്ക് തൊട്ടതെല്ലാം പിഴച്ചു. നിരന്തരം മിസ് പാസുകള്‍ നടത്തിയ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് പൊസഷന്‍ നഷ്ടമാവുകയും ചെയ്തു. ഒരു ഗോള്‍ ശ്രമം മാത്രമാണ് ഇറ്റലിയുടെ ഭാഗത്തുനിന്നുണ്ടായത്. 

Latest Videos

ഇറ്റലിയുടെ ആക്രമണത്തോടെയാണ് മത്സരത്തിന് ചൂടുപടിച്ചത്. നാലാം മിനിറ്റില്‍ ഏമേഴ്‌സ് പാല്‍മേരിയില്‍ നിന്ന് സ്വീകരിച്ച പന്തുമായി മുന്നേറിയ നിക്കോളോ ബരേലയ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണിനെ കാഴ്ച്ചക്കാനാക്കി ബരേല്ല പന്ത് ചിപ്പ് ചെയ്‌തെങ്കിലും ഗോള്‍പോസ്റ്റ് സ്‌പെയ്‌നിന് തുണയായി. 6-ാം മനിറ്റില്‍ ഡാനില്‍ ഓല്‍മോയുടെ ഒരു ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണരുമ രക്ഷപ്പെടുത്തി. 45-ാം മിനിറ്റില്‍ എമേസണിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി പിരിയുന്നത് കണ്ടാണ് ആദ്യ പകുതി അവസാനിച്ചത്. 

60-ാം മിനിറ്റിലാണ് മത്സരത്തിന്റെ ഗതിക്ക വിപരീതമായി ഇറ്റലി മുന്നിലെത്തുന്നത്. ഡോണരുമ നീട്ടിയടിച്ചു നല്‍കിയ പന്ത്  സിറൊ ഇമ്മൊബീല്‍ സ്വീകരിച്ചു. സ്പാനിഷ് പ്രതിരോധ താരം ലാപോര്‍ട്ടെ വഴി മുടക്കിയെങ്കിലും പന്ത് കൃത്യമായി ഫെഡറിക്കോ കിയേസയുടെ കാലുകളിലെത്തി. താരത്തിന്റെ വലങ്കാന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക താഴ്ന്നിറങ്ങി. 

80-ാം മിനിറ്റില്‍ മൊറാട്ടയിലൂടെ സ്‌പെയ്‌നിന്റെ മറുപടി ഗോള്‍. പകരക്കാരനായി ഇറങ്ങിയ താരമാണ് മൊറാട്ട. ടൂര്‍ണമെന്റിലൊന്നാകെ താരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മൊറാട്ട തന്നെ ടീമിന്റെ രക്ഷകനായി. ലാപോര്‍ട്ടയില്‍ നിന്ന് സ്വീകരിച്ച് പന്തുമായി മൈതാന മധ്യത്തിലൂടെ വന്ന മൊറാട്ട ഇറ്റാലിയന്‍ ബോക്‌സിന് പുറത്ത് വച്ച് ഓല്‍മോയ്ക്ക് കൈമാറി. ഓല്‍മോ വീണ്ടും മൊറാട്ടയ്ക്ക്. അടുത്ത ടച്ച് മൊറാട്ട ഗോളാക്കി മാറ്റി.

മ്തസരം അധിക സമയത്തേക്ക് നീണ്ടപ്പോല്‍ ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഇറ്റലിയുടെ ആദ്യ കിക്കെടുത്ത ലോക്കടെല്ലിക്ക് പിഴച്ചു. സ്പാനിഷ് ഗോള്‍ കീപ്പര്‍ സിമോണ്‍ രക്ഷപ്പെടുത്തു. എന്നാല്‍ സ്പാനിഷ് താരം ഓല്‍മോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. രണ്ടാമത് വന്ന ബെലോറ്റിക്കും മൊറേനൊയ്ക്കും പിഴച്ചില്ല. 

മൂന്നാം കിക്കെടുത്ത ബൊനൂച്ചിയും അനായാസം ലക്ഷ്യം കണ്ടു. തിയാഗോയും സ്‌പെയ്‌നിന് പ്രതീക്ഷ നല്‍കി. നാലാം കിക്കെടുത്ത ബെര്‍ണാഡേഷി ഇറ്റലിക്ക് 3-2ന്റെ ലീഡ് നല്‍കി. എന്നാല്‍ മൊറാട്ടയ്ക്ക് പിഴച്ചു. സ്പാനിഷ് താരത്തിന്റെ കിക്ക് ഡൊണരുമ രക്ഷപ്പെടുത്തി. അവസാന കിക്ക് ജോര്‍ജിന്യോ ലക്ഷ്യത്തിലെത്തിച്ചതോടെ ഇറ്റലിയുടെ ജയം പൂര്‍ണം.

click me!