കൊച്ചിയിൽ കഴിഞ്ഞ കളിയില്‍ ഒഡിഷക്കെതിരെ ജയം പൊരുതി നേടിയ മഞ്ഞപ്പട സീസണില്‍ രണ്ടാം തവണ മാത്രമാണ് എവേ ഗ്രൗണ്ടിൽ ഇറങ്ങുന്നത്
കൊല്‍ക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ ആറാം മത്സരം. കൊൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു തുടങ്ങുന്ന കളിയിൽ ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. വിജയത്തുടര്‍ച്ചയ്‌ക്കായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. സ്പോര്‍ട്‌സ് 18നിലും ജിയോ സിനിമയിലും മത്സരം തല്‍സമയം കാണാം.
നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. കൊച്ചിയിൽ കഴിഞ്ഞ കളിയില്‍ ഒഡിഷക്കെതിരെ ജയം പൊരുതി നേടിയ മഞ്ഞപ്പട സീസണില്‍ രണ്ടാം തവണ മാത്രമാണ് എവേ ഗ്രൗണ്ടിൽ ഇറങ്ങുന്നത്. പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സ് ദിമിത്രിയോസ് ഡയമന്‍റാകോസിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കും. മുമ്പ് ബ്ലാസ്റ്റേഴ്‌സിന്‍റെ താരങ്ങളായിരുന്ന ഹര്‍മന്‍ജ്യോത് ഖബ്രയും പ്രഭ്‌സുഖന്‍ ഗില്ലും കൊല്‍ക്കത്ത ക്യാംപിലുണ്ട്. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചത് ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നൽകും.
undefined
അവസാന മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവില്‍ 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഇത് കഴിഞ്ഞ സീസണിനൊടുവില്‍ ലഭിച്ച സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് മഞ്ഞപ്പടയിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാതിയില്‍ രണ്ട് ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ദിമിത്രിയോസ് ഡയമന്‍റാകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. അഞ്ച് കളികളില്‍ 10 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. നാല് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാമത് നില്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം