മൂന്നടിയില്‍ മൗനിയായി കൊച്ചി; പഞ്ചാബ് എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, ആദ്യ ഹോം മാച്ച് തോല്‍വി

By Web Team  |  First Published Feb 12, 2024, 9:32 PM IST

ദിമിത്രോസ് ഡയമന്‍റക്കോസിനൊപ്പം അഡ്രിയാന്‍ ലൂണയുടെ പകരക്കാരൻ ഫെദോർ ചെർണിച്ചിനെ ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ ഇവാന്‍ വുകോമനോവിച്ച് സ്വന്തം തട്ടകത്തില്‍ അണിനിരത്തിയത് 


കൊച്ചി: ഐഎസ്എല്ലില്‍ 2024ലെ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. പഞ്ചാബ് എഫ്ബി ഒന്നിനെതിരെ മൂന്ന് ഗോളിന് മഞ്ഞപ്പടയെ തളയ്ക്കുകയായിരുന്നു. മിലോസ് ഡ്രിന്‍സിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏക ഗോള്‍ നേടിയപ്പോള്‍ പഞ്ചാബിനായി വില്‍മർ ജോർഡന്‍ ഗില്‍ ഇരട്ട ഗോളും ലൂക്ക ഒരു ഗോളും നേടി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മാച്ച് തോല്‍വിയാണിത്. തോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തുടരും. 11-ാം സ്ഥാനക്കാരായി മത്സരത്തിനിറങ്ങിയ പഞ്ചാബിനോടേറ്റ തോല്‍വി ബ്ലാസ്റ്റേഴ്സിന് നാണക്കേടായി. 

അഡ്രിയാന്‍ ലൂണയുടെ പകരക്കാരൻ ഫെദോർ ചെർണിച്ച്, ദിമിത്രോസ് ഡയമന്‍റക്കോസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ ഇവാന്‍ വുകോമനോവിച്ച് സ്വന്തം തട്ടകത്തില്‍ അണിനിരത്തിയത്. സസ്പെന്‍ഷന്‍ മാറി രാഹുല്‍ കെ പി മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് അഷർ, ജീക്സണ്‍ സിംഗ്, ദൈസുകെ സക്കായ് എന്നിവരായിരുന്നു മധ്യനിരയില്‍ കൂട്ടിന്. പ്രീതം കോട്ടാലും ഹോർമിപാമും മിലോസ് ഡ്രിന്‍സിച്ചും നവോച്ചേ സിംഗും പ്രതിരോധത്തിലിറങ്ങിയപ്പോള്‍ സച്ചിന്‍ സുരേഷായിരുന്നു ഗോള്‍ബാറിന് കീഴെ ഭടന്‍. 

Latest Videos

undefined

മൂന്ന് മിനുറ്റിന്‍റെ ഇടവേളയില്‍ അടിയും തിരിച്ചടിയുമായ ഇരു ടീമും കണക്കുതീർക്കുന്നതാണ് ആദ്യ പകുതി പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് കണ്ടത്. കോർണർ കിക്കിനിടെ വീണുകിട്ടിയ പന്ത് വലയിലാക്കി മിലോസ് ഡ്രിന്‍സിച്ച് 39-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 42-ാം മിനുറ്റില്‍ വില്‍മർ ജോർഡന്‍ ഗില്‍ പഞ്ചാബിനെ ഒപ്പമെത്തിച്ചതോടെ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പ്രഹരം നല്‍കി 61-ാം മിനുറ്റില്‍ വില്‍മർ ജോർഡന്‍ ഇരട്ട ഗോള്‍ തികച്ചു. ഇതിന് പിന്നാലെ പ്രീതം കോട്ടാലിന്‍റെ ബാക്ക് പാസില്‍ സച്ചിന്‍റെ ജാഗ്രത ബ്ലാസ്റ്റേഴ്സിനെ മൂന്നാം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് കാത്തു. 70-ാം മിനുറ്റില്‍ കെ പി രാഹുലിന്‍റെ പകരക്കാരന്‍ നിഹാല്‍ സുധീഷിന്‍റെ ക്രോസ് മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഐഎസ്എല്ലിലെ സൂപ്പർ സബ് എന്ന വിശേഷണമുള്ള ഇഷാന്‍ പണ്ഡിതയെ വരെ ഇറക്കിയെങ്കിലും പിന്നീട് രണ്ടാം ഗോളിലേക്ക്  എത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അതേസമയം മഞ്ഞപ്പടയുടെ പകരക്കാരന്‍ ഫ്രഡി ലാലന്മാവ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയ പെനാല്‍റ്റി ഗോളാക്കി ലൂക്ക പഞ്ചാബിന്‍റെ പട്ടിക തികച്ചു. 

Read more: ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ അല്ല വരുന്നത്; വന്‍ വെളിപ്പെടുത്തലുമായി ഇർഫാന്‍ പത്താന്‍, കാരണമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!