കലിതുള്ളി കൊച്ചി, ആര്‍ത്തിരമ്പി മഞ്ഞപ്പട; ഫറൂഖ് ഹെഡറില്‍ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

By Web Team  |  First Published Oct 21, 2023, 10:03 PM IST

രണ്ടാംപകുതിയുടെ അവസാന മിനുറ്റുകളില്‍ ജയമുറപ്പിച്ച് വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്വന്തം മൈതാനത്ത് സാധിച്ചില്ല


കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് മഞ്ഞപ്പട 1-1ന്‍റെ ടൈ സമ്മതിക്കുകയായിരുന്നു. 12-ാം മിനുറ്റില്‍ നെസ്റ്ററിന്‍റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയപ്പോള്‍ 49-ാം മിനുറ്റില്‍ ഡാനിഷ് ഫറൂഖിന്‍റെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് തുല്യത പിടിച്ചു. എന്നാല്‍ ഇതിന് ശേഷം ജയമുറപ്പിച്ച് വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്വന്തം മൈതാനത്ത് സാധിച്ചില്ല. തുറന്ന അവസരങ്ങള്‍ പാഴായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ സമനിലയാണിത്. 

കൊച്ചിയിലെ വാശിയേറിയ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 4-4-2 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 5-3-2 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. സ്വന്തം തട്ടകത്തില്‍ കൂടുതല്‍ പന്തടക്കവും ആക്രമണവും ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗത്ത് നിന്നായിരുന്നു. എന്നാല്‍ കിക്കോഫായി 12-ാം മിനുറ്റില്‍ നെസ്റ്റര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഇതിന് മറുപടി പറയാന്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാംപകുതിയില്‍ 49-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡാനിഷ് ഫറൂഖാണ് വല ചലിപ്പിച്ചത്. ഹെഡറിലൂടെയായിരുന്നു ഫറൂഖിന്‍റെ ഗോള്‍. സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു അസിസ്റ്റ്. 

Latest Videos

undefined

ഇതിന് ശേഷം ആക്രമണത്തിലും മധ്യനിരയിലും പകരക്കാരെ ഇറക്കി പരീക്ഷിച്ചെങ്കിലും വിജയഗോളിലേക്ക് എത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായില്ല. 79-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസിനെ പിന്‍വലിച്ച് ഇഷാന്‍ പണ്ഡിതയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. 85-ാം മിനുറ്റില്‍ പകരക്കാരനായി എത്തിയതിന് പിന്നാലെ രാഹുല്‍ കെ പി മഞ്ഞക്കാര്‍ഡ് കണ്ടു. സമനില വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ തുടരുകയാണ്. 4 കളികളില്‍ 7 പോയിന്‍റാണ് പട്ടികയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്‌സിനുള്ളത്. അഞ്ച് പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തൊട്ടുപിന്നില്‍ നില്‍ക്കുന്നു. 

Read more: ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു; ലോകകപ്പ് ഹീറോ, യുണൈറ്റഡ് കിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!