തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളെല്ലാം
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ ഒന്‍പതാം സീസണില്‍ നിന്ന് നാടകീയമായി പുറത്തായതിന് പിന്നാലെ കലൂരിലെ ആരാധകർക്ക് നന്ദി അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 'തിരിച്ചുവരും അതിശക്തമായി, നന്ദി കലൂർ' എന്നാണ് മഞ്ഞപ്പട തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്‍റെ ചിത്രം സഹിതം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ട്വീറ്റ്. കലൂരിലെ ഹോം ഗ്രൗണ്ടില്‍ ഇത്തവണ കളിച്ച പത്തില്‍ ഏഴ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ 19 ഗോളുകള്‍ മഞ്ഞക്കുപ്പായക്കാർ അടിച്ചുകൂട്ടി. തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളെല്ലാം. ശരാശരി 28000 കാണികള്‍ കലൂർ രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ കാണാനെത്തി.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ ബിഎഫ്സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിലും മോശം റഫറീയിങ്ങിലും പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മൈതാനം വിടുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പട പാതിവഴി മത്സരം ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു സെമിയിലേക്ക് ചേക്കേറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് നാടകീയമായി നാട്ടിലേക്ക് മടങ്ങി. ഐഎസ്എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.
തിരിച്ചു വരും അതിശക്തമായി , നന്ദി കലൂർ ! 🟡💪 pic.twitter.com/D3RTzNzVBt
— Kerala Blasters FC (@KeralaBlasters)
എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ അധികസമയത്തിന്‍റെ 96-ാം മിനുറ്റിൽ ഛേത്രി തിടുക്കത്തില്‍ എടുത്ത ഫ്രീകിക്കിലൂടെയായിരുന്നു ബെംഗളൂരുവിന്‍റെ ഗോള്‍. ഫ്രീകിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് ഛേത്രി കിക്കെടുത്തതോടെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ സിംഗ് ഗില്ലിന് ഒന്നും ചെയ്യാനായില്ല.ഛേത്രി ഷോട്ട് ഉതിർത്തപ്പോള്‍ ഫ്രീകിക്ക് നേരിടാന്‍ തയ്യാറായിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോളില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. താരങ്ങളോട് മത്സരം നിർത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാൻ വുകോമനോവിച്ച് തന്‍റെ കളിക്കാരെയും കൂട്ടി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഇതോടെ നിശ്ചിത 120 മിനുറ്റ് സമയം പൂർത്തിയാകാന്‍ കാത്തുനിന്ന ശേഷം മാച്ച് കമ്മീഷണറും റഫറിയും ബെംഗളൂരു എഫ്സിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.