'ഗോളടിപ്പിക്കാതിരിക്കുക, ഗോളടിക്കുക'; മനസുതുറന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ കട്ട ഡിഫന്‍ഡര്‍ ബിജോയ് വര്‍ഗീസ്

By Jomit Jose  |  First Published Oct 6, 2022, 8:19 AM IST

തിരുവനന്തപുരം പുല്ലുവിളയിലെ തീരദേശത്ത് സാധാരണക്കാർക്കൊപ്പം പന്തുതട്ടി വളർന്ന ബിജോയ്ക്ക് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും എന്നും ആവേശമായിരുന്നു


കൊച്ചി: ഐഎസ്എല്ലില്‍ ആരാധകർക്ക് മുന്നിൽ ആദ്യമായി കളിക്കാൻ ഇറങ്ങുന്നതിന്‍റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം ബിജോയ് വർഗീസ്. പ്രതിരോധ താരമായതിനാൽ എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുക എന്നതിനൊപ്പം പറ്റിയാൽ ഗോളടിക്കുക കൂടിയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ബിജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെയാണ് ഐഎസ്എല്‍ ഒന്‍പതാം സീസണ്‍ ആരംഭിക്കുന്നത്. 

കഴിഞ്ഞ സീസണിലാണ് ബിജോയ് വർഗീസ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. തിരുവനന്തപുരം പുല്ലുവിളയിലെ തീരദേശത്ത് സാധാരണക്കാർക്കൊപ്പം പന്തുതട്ടി വളർന്ന ബിജോയ്ക്ക് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും എന്നും ആവേശമായിരുന്നു. ആ മഞ്ഞപ്പടയ്ക്ക് മുന്നിൽ കഴിക്കാൻ ഇറങ്ങുന്നതിന്‍റെ ത്രില്ലിലാണ് ബിജോയ്. കഴിഞ്ഞ തവണത്തെ കിരീട നഷ്ടത്തിലെ സങ്കടം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ കീരീടത്തിൽ കുറഞ്ഞതൊന്നും പോരെന്ന് ബിജോയ് പറയുന്നു. ഉദ്ഘാടന മത്സരത്തിൽ തന്നെ ആരാധകർക്ക് മുന്നിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജോയ്.

Latest Videos

വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. പുതിയ സീസണിലേക്കുള്ള ടീമിനെ കെബിഎഫ്‌സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍.  27 അംഗ ടീമില്‍ ഏഴ് പേരാണ് മലയാളി താരങ്ങളായി ഉള്ളത്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. 

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.

പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.

മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്, വിബിന്‍ മോഹനന്‍.

മുന്നേറ്റനിര: ദിമിട്രിയോസ് ഡയമന്‍റ്കോസ്, രാഹുല്‍ കെ പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്‌

ഐഎസ്എല്‍: പടയൊരുക്കം തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്, ടീമിനെ പ്രഖ്യാപിച്ചു; 7 മലയാളികള്‍ ടീമില്‍


 

click me!