പ്രതിരോധം പാളി, എടികെ മോഹന്‍ ബഗാനെതിരായ തോല്‍വിയില്‍ ഞെട്ടി ആരാധകര്‍; വീഴ്‌‌ച സമ്മതിച്ച് ക്യാപ്റ്റന്‍

By Jomit Jose  |  First Published Oct 17, 2022, 10:05 AM IST

തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു. നിരന്തരം എടികെ മോഹൻ ബഗാന്‍റെ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ്താരങ്ങൾ ആർ‍ത്തിരച്ചെത്തി. 


കൊച്ചി: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരെ നല്ല തുടക്കം കിട്ടിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് പ്രതിരോധത്തിലെ പാളിച്ചകൾ. ഇതാവട്ടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ആധിപത്യം തുടരാൻ എടികെ മോഹൻ ബഗാന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.

തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു. നിരന്തരം എടികെ മോഹൻ ബഗാന്‍റെ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആർ‍ത്തിരച്ചെത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ആദ്യ ഗോളിനും ഏറെനേരം കാത്തിരിക്കേണ്ടിവന്നില്ല. എന്നാല്‍ ചാറ്റൽ മഴയിൽ ബ്ലാസ്റ്റേഴ്സ് പതിയെ തണുത്തു. പക്ഷേ എടികെ ബഗാൻ ചൂടുപിടിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വിംഗുകളിലൂടെ കൊൽക്കത്തക്കാർ കുതിച്ചെത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ കെട്ടുപൊട്ടി. ഗാലറി നിശബ്ദമാവുകയും വലയിൽ ഗോളുകൾ നിറയുകയും ചെയ്‌തു.

Latest Videos

പിഴവുകൾ ഏറെ പറ്റിയെന്ന് ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സൽ കാർണെയ്റോ സമ്മതിക്കുന്നു. എ‍ടികെ മോഹൻ ബഗാനെതിരായ വൻ തോൽവി കടുത്ത നിരാശയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉണ്ടാക്കിയത്. പ്രതിരോധത്തിലുണ്ടായ പിഴവുകളാണ് മത്സരഫലം എതിരാക്കിയതെന്നും ആരാധകർ പറയുന്നു. ഇനിയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരുവ് നടത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് അവർ മടങ്ങിയത്.

കൊച്ചിയിലെ ആരവത്തെ മറികടന്നാണ് എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെതിരായ ആധിപത്യം തുടർന്നത്. ബഗാനുമായി ലയിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സിനെ നേരിട്ട എടികെ അഞ്ച് കളിയിൽ നാലിലും ജയം സ്വന്തമാക്കി. ഇന്നലെ എടികെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ആറാം മിനുറ്റില്‍ മുന്നിലെത്തിയ ശേഷമായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ആദ്യപകുതിയിൽ തന്നെ എടികെ മോഹൻ ബഗാൻ 2-1ന് മുന്നിലെത്തിയിരുന്നു. ഇഞ്ചുറിടൈമിൽ(90+2) സീസണിലെ ആദ്യ ഹാട്രിക്ക് പെട്രോറ്റോസിന്‍റെ പേരിൽ കുറിക്കപ്പെട്ടു. ഞായറാഴ്‌ച ഭുവനേശ്വറിൽ ഒഡിഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. 

ഗോള്‍വല നിറച്ച് എടികെ മോഹന്‍ ബഗാന്‍, കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി
 


 

click me!