'ആശാനൊപ്പം, ഇവാനെ ബലിയാടാക്കാന്‍ അനുവദിക്കില്ല'; മുന്നറിയിപ്പുമായി മഞ്ഞപ്പട, റഫറിക്ക് വിമർശനം

By Web Team  |  First Published Mar 10, 2023, 3:21 PM IST

ക്ലബ് ഇവാനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും പിന്തുണയുണ്ടാകില്ലെന്ന് മഞ്ഞപ്പടയുടെ മുന്നറിയിപ്പ്. 


കൊച്ചി: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന്‍റെ പേരില്‍ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് പൂർണ പിന്തുണയുമായി മഞ്ഞപ്പട ആരാധകർ. ഇവാനെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമാക്കിയ മഞ്ഞപ്പട ഐഎസ്എല്ലിലെ റഫറീയിങ്ങ് നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. നോക്കൗട്ടില്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുത്ത് ഗോളാക്കിയതാണ് വിവാദമായത്. ഇതിന് പിന്നാലെ തന്‍റെ താരങ്ങളുമായി ഇവാന്‍ വുകോമനോവിച്ച് മൈതാനം വിട്ടപ്പോള്‍ ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിച്ചിരുന്നു. 

മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Latest Videos

undefined

'വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. മുന്‍പോട്ട് പോവുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ ഇപ്പോഴും ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ഞങ്ങള്‍ പൂർണമായും കോച്ചിനെ പിന്തുണയ്ക്കുന്നു. തിരികെ കേരളത്തിലെത്തിയ അദേഹത്തിന് കിട്ടിയ സ്വീകരണം അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഐഎസ്എല്ലിലെ ഏറ്റവും പ്രൊഫഷണല്‍ കോച്ചുമാരില്‍ ഒരാളായ ഇവാന്‍ എടുത്ത തീരുമാനം കേവലം അന്ന് നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് കാലങ്ങളായി ഇന്ത്യന്‍ സൂപ്പർ ലീഗില്‍ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. 

റഫറി ക്രിസ്റ്റല്‍ ആ സന്ദർഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ സംഭവം അന്വേഷിച്ച എഐഎഫ്എഫ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഏക ഫുട്ബോളർക്ക് ഗോള്‍ നിലനിലനില്‍ക്കില്ല എന്ന് തോന്നിയത്, മറ്റ് നാലുപേർക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്. 

കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ ടീമുകള്‍ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകള്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകള്‍ക്ക് അറുതിവരുത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. 

ക്ലബിന് വേണ്ടിയാണ് ഇവാന്‍ ഇത്തരമൊരു പ്രവർത്തി ചെയ്തത്. ആയതിനാല്‍ അദ്ദേഹം തന്നെ ക്ലബിന്‍റെ അമരത്ത് തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദേഹത്തോടൊപ്പം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം അദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും ഞങ്ങള്‍ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല എന്നും അറിയിക്കുന്നു. 

റഫറിമാരുടെ നിലവാരം ഉയർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബുകളുമെല്ലാം ആവശ്യത്തില്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തില്‍ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു'- ഇത്രയുമാണ് മഞ്ഞപ്പടയുടെ കുറിപ്പിലുള്ളത്. മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പരിശീലകന് പൂർണ പിന്തുണയുമായി നിലവധി ആരാധകർ എത്തിയിട്ടുണ്ട്. ഇവാനെതിരെ ക്ലബ് നടപടിയെടുത്താല്‍ ബ്ലാസ്റ്റേഴ്സുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും എന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് ഐഎസ്എല്‍ അധികൃതർ മുതിരരുത് എന്നും ആരാധകർ ആവശ്യപ്പെടുന്നു. 

ഛേത്രി ഏറ്റവും മികച്ച പ്രൊഫഷണലുകളില്‍ ഒരാള്‍; വിവാദങ്ങള്‍ക്കിടെ പ്രശംസയുമായി റോക്ക

click me!