വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ ലീഗുകളില്‍ റഫറിയെ സഹായിക്കാന്‍ വാർ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണിന്‍റെ സഹായം തേടുകയാണ് എന്നാണ് രൂക്ഷ പരിഹാസം
ബെംഗളൂരൂ: റഫറീയിങ്ങനെ കുറിച്ച് എണ്ണിയാലൊടുങ്ങാത്തത്ര പരാതി കേട്ട ഫുട്ബോള്‍ ലീഗാണ് ഐഎസ്എല്‍. ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ തുടക്കകാലം മുതല്‍ മോശം റഫറീയിങ് രൂക്ഷ വിമർശനം നേരിടുന്നു. എന്നിട്ടും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐഎസ്എല്ലില്‍ പരീക്ഷിക്കാന്‍ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വിദേശ ലീഗുകളെല്ലാം ഓരോ ദിവസവും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അപ്ഡേറ്റാവുമ്പോള്‍ ഇവിടെ എല്ലാം പഴയപടിയാണ്. ഓഫ്സൈഡ് ചെക്ക് ചെയ്യാന്‍ പോലും മതിയായ സൗകര്യങ്ങളില്ല. ഇതിന്‍റെയൊക്കെ പോരായ്മയാണ് ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ കണ്ടതും. ഇതോടെ ഒരിക്കല്‍ക്കൂടി ഐഎസ്എല്ലിലെ മോശം റഫറീയിങ് എയറിലായി. ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരം ചോദ്യം ചെയ്ത് വീണ്ടും ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ ലീഗുകളില്‍ റഫറിയെ സഹായിക്കാന്‍ വാർ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണിന്‍റെ സഹായം തേടുകയാണ് എന്നാണ് രൂക്ഷ പരിഹാസം. ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ സുനില്‍ ഛേത്രിയുടെ ഗോള്‍ വന്‍ വിവാദമായപ്പോള്‍ സ്ഥിതി വിലയിരുത്താന്‍ മാച്ച് കമ്മീഷണർ മൈതാനത്തെത്തിയിരുന്നു. ഫീല്‍ഡ് റഫറിയുമായി ഏറെനേരെ ഇദേഹം സംസാരിക്കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാനായി. എന്നാല്‍ ഇതിനിടെ അദേഹം ആരെയോ മൊബൈലില്‍ ഫോണ്‍ വിളിക്കുന്നത് കാണാമായിരുന്നു. ഇതോടെയാണ് ട്രോളുമായി ആരാധകർ രംഗത്തെത്തിയത്. 'അവിടെ വാർ എങ്കില്‍ ഇവിടെ മൊബൈല്‍' എന്നാണ് പരിഹാസം. ഈ ട്രോള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
undefined
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന നോക്കൗട്ട് മത്സരത്തിലാണ് സുനില്‍ ഛേത്രിയുടെ ഫീകിക്ക് ഗോള്‍ വന്‍ വിവാദത്തിന് ഇടയാക്കിയത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിയും താരങ്ങളും പ്രതിരോധിക്കാന്‍ തയ്യാറെടുക്കും മുമ്പ് ക്വിക്ക് ഫ്രീകിക്ക് എടുക്കുകയായിരുന്നു ഛേത്രി. പ്രതിരോധക്കോട്ട കെട്ടാനുള്ള സമയംപോലും തരാതെയാണ് ഛേത്രി ഗോളടിച്ചത് എന്നും റഫറി ഇത് നോക്കി നിന്നു എന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനത്ത് പ്രതിഷേധിച്ചു. സൈഡ് ലൈനില്‍ നില്‍ക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സഹപരിശീലകന്‍ ഇഷ്‍ഫാഖ് അഹമ്മദും ലൈന്‍ റഫറിയുമായി ഏറെനേരം തർക്കിച്ചു. ഒടുവില്‍ തന്‍റെ താരങ്ങളോട് മൈതാനത്തിന് പുറത്തേക്ക് വരാന്‍ ഇവാന്‍ ആവശ്യപ്പെട്ടു. മത്സരം പൂർത്തിയാകാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ ഛേത്രിയുടെ ഏക ഗോളില്‍ ബെംഗളൂരു എഫ്സി വിജയികളാവുകയും സെമിയിലെത്തുകയും ചെയ്തു.