ഛേത്രി ഏറ്റവും മികച്ച പ്രൊഫഷണലുകളില്‍ ഒരാള്‍; വിവാദങ്ങള്‍ക്കിടെ പ്രശംസയുമായി റോക്ക

By Web Team  |  First Published Mar 8, 2023, 4:28 PM IST

ഞാന്‍ കരിയറില്‍ കണ്ട ഏറ്റവും പ്രൊഫഷണലായ കളിക്കാരില്‍ ഒരാളായ സുനില്‍ ഛേത്രിയുടെ മികവിനെ അനുമോദിക്കുന്നതായി റോക്ക


മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ ഗോളിന് പിന്നാലെ മുംബൈ സിറ്റി എഫ്സിക്കെതിരെ ആദ്യപാദ സെമിയില്‍ ബെംഗളൂരു എഫ്സിക്കായി വിജയ ഗോള്‍ നേടിയ നായകന്‍ സുനില്‍ ഛേത്രിയെ പ്രശംസിച്ച് ആല്‍ബർട്ട് റോക്ക. ബെംഗളൂരു എഫ്സിയുടെ മുന്‍ പരിശീലകനായ റോക്ക ഇപ്പോള്‍ ബിഎഫ്സിയുടെ സാങ്കേതിക ഉപദേഷ്ടാവാണ്. 2016 മുതല്‍ 2018 വരെയായിരുന്നു ആല്‍ബർട്ട് റോക്ക ബെംഗളൂരുവിനെ പരിശീലിപ്പിച്ചത്. അന്നും റോക്കയുടെ കീഴില്‍ പ്രധാന താരമായി ഛേത്രിയുണ്ടായിരുന്നു. 

'മുംബൈയിലെ ബെംഗളൂരുവിന്‍റെ വിജയം വളരെ ശ്രദ്ധേയമാണ്. ഞാന്‍ കരിയറില്‍ കണ്ട ഏറ്റവും പ്രൊഫഷണലായ കളിക്കാരില്‍ ഒരാളായ സുനില്‍ ഛേത്രിയുടെ മികവിനെ അനുമോദിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒരിക്കല്‍ കൂടി ഗോളടിക്കണം(രണ്ടാപാദ സെമിയില്‍)' എന്നാണ് ആല്‍ബർട്ട് റോക്കയുടെ ട്വീറ്റ്. ഈ ട്വീറ്റ് ബെംഗളൂരു എഫ്സി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

Latest Videos

undefined

എവേ മൈതാനത്ത് മുംബൈ സിറ്റി എഫ്സിക്ക് എതിരായ ആദ്യപാദ സെമിയില്‍ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് സുനില്‍ ഛേത്രി ബെംഗളൂരു എഫ്സിക്ക് നിർണായ ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റില്‍ റോഷന്‍ സിംഗ് എടുത്ത കോർണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഛേത്രിയുടെ ഗോള്‍. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ്(മാർച്ച് 12) ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം. ഒരു ഗോളിന്‍റെ ലീഡ് നല്‍കുന്ന ആത്മവിശ്വാസത്തോടെ ഛേത്രിക്കും സംഘത്തിനും സ്വന്തം തട്ടകത്തില്‍ മത്സരത്തിനിറങ്ങാം. 

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് എതിരായ നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ ഫ്രീ കിക്ക് ഗോള്‍ വിവാദമായിരുന്നു. എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടപ്പോള്‍ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയില്‍ എത്തുകയായിരുന്നു. 

ഛേത്രിക്കും സംഘത്തിനും കൂവിവിളിയും അസഭ്യവർഷവും, അതും മുംബൈ ഫാന്‍സ് വക- വീഡിയോ

click me!