പരിക്കുമൂലം മഞ്ഞപ്പടയ്ക്കൊപ്പം ഗോവയിൽ ഇറങ്ങിയില്ലെങ്കിലും സഹൽ കളിച്ച് വളർന്ന കവ്വായി ഗ്രാമം മുഴുവൻ ആവേശത്തിലായിരുന്നു
കണ്ണൂര്‍: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടുത്ത സീസണില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ (Sahal Abdul Samad) നാടായ കണ്ണൂർ കവ്വായി. ഹൈദരാബാദ് എഫ്‌സിക്കെതിരെ സഹലില്ലാത്ത ഫൈനല്‍ നിരാശപ്പെടുത്തിയെന്നും ഇവർ പറയുന്നു.
പരിക്കുമൂലം മഞ്ഞപ്പടയ്ക്കൊപ്പം ഗോവയിൽ ഇറങ്ങിയില്ലെങ്കിലും സഹൽ കളിച്ച് വളർന്ന കവ്വായി ഗ്രാമം മുഴുവൻ ആവേശത്തിലായിരുന്നു. കളിയുടെ ആദ്യ മിനിറ്റുകൾ മുതൽ കണ്ണടയ്ക്കാതെ അവർ കളി കണ്ടു. ഓരോ സേവുകളും പാസുകളും കണ്ണിമവെട്ടാതെ കാണുമ്പോഴും നാട് മുഴുവൻ തിരഞ്ഞത് സഹൽ അബ്‌ദുല്‍ സമദ് എന്ന മഞ്ഞകുപ്പായക്കാരനെയാണ്. എന്നാൽ മലയാളിയായ കെപി രാഹുൽ 68-ാം മിനിറ്റിൽ നേടിയ ഗോൾ എല്ലാവരെയും ആവേശത്തിലാക്കി. 88-ാം മിനിറ്റ് വരെ നീണ്ടുനിന്ന സന്തോഷം ഹൈദരാബാദിന്‍റെ മറുപടി ഗോളിലൂടെ ഇല്ലാതായപ്പോള്‍ ഇവരെല്ലാം നിരാശരായി.
undefined
രാഹുലിന്‍റെ നാട്ടിലും സങ്കടം
കെ പി രാഹുലിന്‍റെ ആദ്യ ഗോൾ നൽകിയ ആവേശത്തിലായിരുന്നു തൃശൂർ ഒല്ലൂക്കരയില്‍ താരത്തിന്‍റെ നാട്ടുകാർ. ഫൈനല്‍ മത്സരം ആഘോഷമാക്കാനുളള എല്ലാ ഒരുക്കത്തിലായിരുന്നു ഒല്ലൂക്കരക്കാര്‍. ചെറിയ പറമ്പില്‍ വെച്ച വലിയ സ്‌ക്രീനില്‍ രാഹുലിൻറെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒരേ മനസോടെ കണ്ണുംനട്ടിരുന്നു. ആദ്യ ഗോള്‍ മകൻറെ കാലില്‍ നിന്ന് പറന്ന് വീണപ്പോള്‍ അമ്മ ബിന്ദു സന്തോഷം അടക്കാനാകാതെ വിങ്ങി. അച്ചൻ ഇരുപ്പുറക്കാതെ പറമ്പില്‍ ഓടി നടന്നു.
ആവേശം ആകാശം മുട്ടി, ജയം ഉറപ്പിച്ചായിരുന്നു പിന്നീടുളള ഓരോ നിമിഷവും. 88-ാംം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍ മടക്കും വരെ ആവേശം നീണ്ടുനിന്നു. എക്‌സ്‌ട്രാടൈമും കടന്ന് പെനാല്‍റ്റിയില്‍ മഞ്ഞപ്പട വഴുതിവീണപ്പോള്‍ ചങ്കിടറി, കണ്ണു നിറഞ്ഞു കെപി രാഹുലിന്‍റെ നാട്. പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കാലിടറിയതോടെ എല്ലാവരും നിരാശയോടെയാണ് മടങ്ങിയത്. ഷൂട്ടൗട്ടില്‍ 3-1ന് കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തി ഹൈദരാബാദ് എഫ്‌സി കന്നി കിരീടം ഉയര്‍ത്തുകയായിരുന്നു.