10 കളിയിൽ 17 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്
വാസ്കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്സിന്‍റെ (Kerala Blasters FC) രണ്ടാംറൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന പതിനൊന്നാം മത്സരത്തിൽ ഒഡിഷ എഫ്‍സിയാണ് (Odisha FC) എതിരാളികൾ. 10 കളിയിൽ 17 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷ 9 കളിയില്‍ 13 പോയിന്‍റുമായി എട്ടാമതും.
ടീമില്‍ മാറ്റമുറപ്പ്
undefined
ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പിന്നിട്ട പത്ത് കളിയിൽ തോൽവിയറിഞ്ഞത് ഒരിക്കൽ മാത്രം. അസാധ്യമെന്ന് കരുതിയ വമ്പൻമാരെയെല്ലാം വീഴ്ത്തിക്കഴിഞ്ഞു. അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർജെ പെരേരാ ഡിയാസ്, സഹൽ അബ്ദുൽ സമദ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം. പരിക്കേറ്റ നായകൻ ജെസ്സൽ കാർണെയ്റോ ഇല്ലാതെയാവും ഒഡിഷയെ ബ്ലാസ്റ്റേഴ്സ് നേരിടുക. ഇതുകൊണ്ടുതന്നെ പ്രതിരോധനിരയിൽ മാറ്റമുറപ്പ്.
പ്രതീക്ഷയേറെ...കാരണവും
പതിനാറ് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് 10 ഗോൾ. ഒഡിഷയാവട്ടെ പതിനെട്ട് ഗോൾ നേടിയപ്പോൾ 22 ഗോൾ തിരിച്ചുവാങ്ങി. ബ്ലാസ്റ്റേഴ്സ് സീസണിൽ ജയിച്ച് തുടങ്ങിയത് ഒഡിഷയ്ക്കെതിരെയായിരുന്നു. ആദ്യപാദത്തിലെ നാലാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ജയം. വാസ്ക്വേസും പ്രശാന്തുമായിരുന്നു സ്കോറർമാർ. ഈ വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.
ജംഷഡ്‍പൂർ ഒന്നാമത്
ഐഎസ്എല്ലില്‍ ജംഷഡ്‍പൂര്‍ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ 11-ാം മത്സരത്തിൽ ജംഷഡ്‍പൂര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. 88-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയാണ് ഗോള്‍ നേടിയത്. 11 കളിയിൽ ജംഷഡ്‍പൂരിന് 19 പോയിന്‍റുണ്ട്. 10 കളിയിൽ 17 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.