ISL 2021-22 : ഒരു ജയമകലെ ഇരട്ട റെക്കോര്‍ഡുകള്‍; മഞ്ഞപ്പടയെ ത്രസിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

By Web Team  |  First Published Feb 10, 2022, 9:36 AM IST

ആരാധകരുടെ മനം നിറച്ച് മഞ്ഞപ്പട മുന്നേറുമ്പോള്‍ ക്ലബിന്‍റെ ചരിത്രത്തിൽ പുതിയ രണ്ട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഒരുങ്ങുകയാണ് ഇവാന്‍ വുകാമനോവിച്ച്


പനാജി: ഐഎസ്എല്ലിൽ (ISL 2021-22) രണ്ട് ക്ലബ് റെക്കോര്‍ഡുകള്‍ക്ക് അരികിലാണ് ഇവാന്‍ വുകോമനോവിച്ചിന്‍റെ (Ivan Vukomanovic) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). എന്നാൽ കണക്കുകളെ കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നാണ് പരിശീലകന്‍റെ പ്രതികരണം. 13 കളിയിൽ ആറ് ജയമടക്കം 23 പോയിന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് (KBFC).

ആരാധകരുടെ മനം നിറച്ച് മഞ്ഞപ്പട മുന്നേറുമ്പോള്‍ ക്ലബിന്‍റെ ചരിത്രത്തിൽ പുതിയ രണ്ട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഒരുങ്ങുകയാണ് ഇവാന്‍ വുകാമനോവിച്ച്. ഇനിയൊരു ജയം കൂടി നേടിയാൽ രണ്ട് റെക്കോര്‍ഡുകള്‍ മറികടക്കാം ടീമിന്. 2016ലെ സീസണിൽ 14 കളിയിൽ ആറ് ജയം നേടിയതാണ് ഏറ്റവും കൂടുതൽ ജയങ്ങളില്‍ നിലവിലെ ക്ലബ് റെക്കോര്‍ഡ്. ചരിത്രം തിരുത്താന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടത് അടുത്ത ഏഴ് കളിയിൽ ഒരു ജയം മാത്രം. 2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 18 കളിയിൽ 25 പോയിന്‍റ് നേടിയ റെക്കോര്‍ഡ് മറികടക്കാനും ഒരു ജയം കൂടി മതി വുകോമനോവിച്ചിന്.

Latest Videos

ടീമിന് ഭാഗ്യമൊരുക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വിശേഷിപ്പിക്കുന്ന വെള്ള ഷര്‍ട്ട് ധരിച്ച് ജംഷഡ്പൂരിനെതിരെ ഇറങ്ങുമെന്ന് പരിശീലകന്‍ പറഞ്ഞു. അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് കഴി‌ഞ്ഞമാസം ഏഷ്യാനെറ്റ് ന്യൂസിലൂടെ സ്ഥിരീകരിച്ച വുകോമനോവിച്ച് കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും വെളിപ്പെടുത്തി. 

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പതിനാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ജംഷെഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 13 കളിയിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് എങ്കില്‍ 22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷെഡ്‌പൂര്‍ എഫ്‌സി. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. 

ISL 2021-22 : ജംഷെഡ്‌പൂരിന്‍റെ ഉരുക്കുകോട്ട പൊളിക്കാന്‍ കൊമ്പന്‍മാര്‍; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

click me!