രണ്ടാമത്തെ മത്സരത്തിൽ എഫ്‌സി ഗോവയും മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍ വരും
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് രണ്ട് മത്സരങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ബഗാനും ചെന്നൈയിന്‍ എഫ്‌സിയും (ATK Mohun Bagan vs Chennaiyin Fc) തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് ഏഴരയ്ക്ക് കളി തുടങ്ങും. മൂന്ന് മത്സരങ്ങളില്‍ ചെന്നൈയിന് ഏഴും എടികെ മോഹന്‍ ബഗാന് നാല് കളിയിൽ 6 പോയിന്‍റുമാണ് ഉള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ എടികെ മോഹന്‍ ബഗാന്‍ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് ചെന്നൈയിന്‍ എഫ്‌സി.
രണ്ടാമത്തെ മത്സരത്തിൽ എഫ്‌സി ഗോവയും മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയും (FC Goa vs Bengaluru FC) നേര്‍ക്കുനേര്‍ വരും. രാത്രി 9.30നാണ് മത്സരം. അഞ്ച് കളിയിൽ 4 പോയിന്‍റുളള ബെംഗളൂരു എട്ടാം സ്ഥാനത്തും നാല് കളിയിൽ 3 പോയിന്‍റുളള ഗോവ പത്താം സ്ഥാനത്തുമാണ്. കഴിഞ്ഞ നാല് കളിയിൽ മൂന്നിലും തോറ്റ് പ്രതിസന്ധിയിലാണ് ബിഎഫ്‌സി. തുടര്‍ച്ചയായ മൂന്ന് തോൽവിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാനായതിന്‍റെ ആശ്വാസത്തിലാണ് ഗോവ.
undefined
ബെംഗളൂരുവിനെ നേരിടാൻ ഗോവ തയ്യാറായിക്കഴിഞ്ഞുവെന്ന് മലയാളിതാരം ക്രിസ്റ്റി ഡേവിസ് വ്യക്തമാക്കി. ഈസ്റ്റ് ബംഗാളിനെതിരായ ജയം ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒഡിഷയ്‌ക്ക് മൂന്നാം ജയം
ഐഎസ്‌എല്ലിൽ ഇന്നലത്തെ മത്സരത്തോടെ ഒഡിഷ എഫ്‌സി മൂന്നാം ജയം സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. എപത്തിയൊന്നാം മിനിറ്റിൽ ജൊനാഥസ് ഡി ജീസസാണ് ഒഡിഷയുടെ വിജയഗോൾ നേടിയത്. നാല് കളിയിൽ 9 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ഒഡിഷ. അതേസമയം അഞ്ച് കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മൂന്നാം തോൽവിയാണിത്.