ISL 2021-2022: ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി ബെംഗലൂരു

By Web Team  |  First Published Jan 4, 2022, 9:52 PM IST

ആദ്യപകുതിയിലെ ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ പന്തടക്കത്തിലും പാസിംലഗിലുമെല്ലാം ബെംഗലൂരുവിനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും ബെംഗലൂരുവിന് തുറന്നെടുക്കാനും കഴിഞ്ഞില്ല.


ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ജയിച്ചിരുന്നെങ്കില്‍ പോയന്‍റ് പട്ടികയില്‍ മുന്നേറാമായിരുന്ന ബെംഗലൂരു എഫ് സിക്ക്(Bengaluru FC) അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെതിരെ(SC East Bengal) സമനില മാത്രം. ആദ്യ പകുതിയില്‍ ഹോയ്കിപ്പിന്‍റെ ഗോളിലൂടെ ലീഡെടുത്ത ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാം പകുതിയില്‍ സൗരവ് ദാസിന്‍റെ സെല്‍ഫ് ഗോളിലാണ് ബെംഗലൂരു സമനിലകൊണ്ട് രക്ഷപ്പെട്ടത്. സമനിലയോടെ ബെംഗലൂരു പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തും തുടരുന്നു. സീസണിലെ ആദ്യ ജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്‍റെ കാത്തിരിപ്പ് നീളുമ്പോള്‍ ഏഴ് മത്സരങ്ങള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ബെംഗലൂരുവിന് വീണ്ടും സമനില കുരുക്കിലേക്ക് വീണു.

ആദ്യപകുതിയിലെ ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ പന്തടക്കത്തിലും പാസിംലഗിലുമെല്ലാം ബെംഗലൂരുവിനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും ബെംഗലൂരുവിന് തുറന്നെടുക്കാനും കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ വെങ്ബാം ലുവാങെടുത്ത ഫ്രീ കിക്കില്‍ നിന്നാണ് തോങ്ഹോസിം ഹാവോകിപ് തന്‍റെ പഴയ ക്ലബ്ബിനെതിരെ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി തീരുും മുമ്പ് ലീഡ‍ുയര്‍ത്താന്‍ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും നഷ്ടമായി.

Latest Videos

undefined

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജയേഷ് റാണെക്ക് പകരക്കാരനായി സുനില്‍ ഛേത്രി ഇറങ്ങിയതോടെ ബെംഗലൂരു ആക്രമണങ്ങള്‍ക്ക് കുറച്ചു കൂടി മൂര്‍ച്ച കൈവന്നു. അതിന് അധികം വൈകാതെ ഫലവും ലഭിച്ചു. 56-ാം മിനിറ്റില്‍ വലതു വിംഗില്‍ നിന്ന് രോഷന്‍ നാവോറെം ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്യാനുള്ള സൗരവ് ദാസിന്‍റെ ശ്രമം സെല്‍ഫ് ഗോളില്‍ അവസാനിച്ചു.

പിന്നീട് ഇരു ടീമും വിജയഗോളിനായി ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും സമനിലപൂട്ട് പൊട്ടിക്കാനായില്ല. 72-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളെന്നുറച്ച ഷോട്ട് ഹിരാ മൊണ്ടാല്‍ ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തിയത് ബെംഗലൂരുവിന് തിരിച്ചടിയായി. 81-ാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിക്കാന്‍ ഈസ്റ്റ് ബംഗാളിനും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

click me!