ISL 2021-2022 : ഈസ്റ്റ് ബംഗാളിനെതിരെ സമനില, ഹൈദരാബാദ് രണ്ടാമത്

By Web Team  |  First Published Dec 23, 2021, 10:32 PM IST

സീസണില്‍ ഹൈദരാബാദിനായി അഞ്ചാം ഗോള്‍ നേടിയ ഒഗ്ബെച്ചെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹ്യൂഗോ ബോമസിനും മുംബൈ സിറ്റി എഫ് സിയുടെ ഇഗോര്‍ അംഗൂളക്കുമൊപ്പം സീസണിലെ ടോപ് സ്കോറര്‍ സ്ഥാനത്തെത്തി.


ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ഈസ്റ്റ് ബംഗാള്‍ എഫ് സിക്കെതിരെ(,East Bengal) സമനില വഴങ്ങിയെങ്കിലും 12 പോയന്‍റുമായി ഹൈദരാബാദ് എഫ് സി(Hyderabad FC) പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഈസ്റ്റ് ബംഗാളിനായി അമീര്‍ ഡെര്‍വിസെവിച്ചും(Amir Dervisevic) ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്ബെച്ചെയുമാണ്(Bartholomew Ogbeche.) വല കുലുക്കിയത്.

ഈ സീസണില്‍ ഹൈദരാബാദിനായി അഞ്ചാം ഗോള്‍ നേടിയ ഒഗ്ബെച്ചെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹ്യൂഗോ ബോമസിനും മുംബൈ സിറ്റി എഫ് സിയുടെ ഇഗോര്‍ അംഗൂളക്കുമൊപ്പം സീസണിലെ ടോപ് സ്കോറര്‍ സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഈസ്റ്റ് ബംഗാളായിരുന്നു.ഒടുവില്‍ അവര്‍ക്ക് അതിന് ഫലം ലഭിച്ചത് 20-ാം മിനിറ്റിലായിരുന്നു.

Latest Videos

undefined

ബോക്സിന് പറത്തു നിന്ന് ഡെര്‍വിസെവിച്ച് എടുത്ത ഫ്രീ കിക്കില്‍ നിന്നാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. ലീഡ് നേടിയശേഷവും പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ചു കളിച്ച ഈസ്റ്റ് ബംഗാള്‍ ഏത് നിമിഷവും രണ്ടാം ഗോള്‍ നേടുമെന്ന തോന്നലുണ്ടാക്കി. 34-ാം മിനിറ്റില്‍ ബോക്സിന് ഇടതുവശത്തു നിന്ന് ഹൈദരാബാദിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് അപകടമുണ്ടാക്കായില്ലെങ്കിലും തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോളിന് അടുത്തെത്തി. ഡാനിയേല്‍ ചുക്‌വുന്‍റെ പോസ്റ്റിനെ ഉരുമ്മി പുറത്തുപോയതിന് പിന്നാലെ ഹൈദരാബാദ് അടുത്ത നീക്കത്തില്‍ സമനില പിടിച്ചു.

അങ്കിത് ജാദവിന്‍റെ മനോഹരമായ പാസ് പിടിച്ചെടുത്ത് ബോക്സിനകത്തുനിന്ന് ഒഗ്ബെച്ചെ ഗോളിലേക്ക് നിറയൊഴിച്ചതോടെ ഹൈദരാബാദ് സമനില വീണ്ടെടുത്തു. രണ്ടാം പകുതിയില്‍ ഗോളിലേക്ക് ലക്ഷ്യം വെക്കുന്ന ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായില്ല. ഇരു ടീമുകളും അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ പരാജയപ്പെട്ടു. അവാസന നിമിഷം ഒഗ്ബെച്ചെയുടെ ഹെഡ്ഡര്‍ നേരെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ അരിന്ദം ബട്ടചാര്യ കൈക്കുള്ളില്‍ ഒതുക്കിയതോടെ പോയന്‍റ് പങ്കിട്ട് ഇരുടീമും കൈകൊടുത്ത് പിരിഞ്ഞു.

സമനിലയോടെ സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ ഈസ്റ്റ് ബംഗാള്‍ നാലു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുമ്പോള്‍ ജംഷഡ്പൂരിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി.

click me!