ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്

By Web Team  |  First Published Jun 18, 2023, 9:30 PM IST

വമ്പന്‍ പോരാട്ടങ്ങളില്‍ എന്നും മികവ് പുറത്തെടുക്കാറുള്ള ക്യാപ്റ്റന്‍ സുനില്‍ ഛേത്രി 46-ാം മിനുറ്റില്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ ടീമിനെ മുന്നിലെത്തിച്ചു


ഭുവനേശ്വര്‍: സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്ബോളിലെ രാജാവായി, 'ബിഗ് മാച്ച് പ്ലെയര്‍' എന്ന വിശേഷണം ആണയിട്ട് ഉറപ്പിച്ച് വല കുലുക്കി. ഇതോടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യയുടെ നീലപ്പട കിരീടം ചൂടി. സുനില്‍ ഛേത്രിക്ക് പിന്നാലെ വണ്ടര്‍ യങ്സ്റ്റര്‍ ലാലിയന്‍സ്വാല ചാങ്‌തെയായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനുറ്റിലെ തകര്‍പ്പന്‍ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു. 

ഗോളില്ലാ പകുതി

Latest Videos

undefined

ഗോള്‍ബാറിന് കീഴെ അമരീന്ദര്‍ സിംഗിന് പകരം ഗുര്‍പ്രീത് സിംഗ് സന്ധു എത്തിയപ്പോള്‍ നിഖില്‍ പൂജാരി, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, ആകാശ് മിശ്ര, ജീക്‌സണ്‍ സിംഗ്, അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്‌ദുല്‍ സമദ്, ലാലിയന്‍സ്വാല ചാങ്തെ, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍ എന്നിവരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇഗോര്‍ സ്റ്റിമാക് നീലപ്പടയെ കളത്തിലിറക്കിയത്. ഒത്തരുമയോടെ കളിച്ചപ്പോള്‍ രണ്ട് സുന്ദരന്‍ ഗോളുകളുമായി ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നതാണ് തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നില്‍ കലിംഗ സ്റ്റേഡിയത്തില്‍ കണ്ടത്. കിക്കോഫായി ആറാം മിനുറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫെരാന്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഇതിന് പിന്നാലെ ആക്രമിക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ താരങ്ങള്‍ നേടാതിരുന്നതോടെ ആദ്യപകുതി 0-0 ആയി തുടര്‍ന്നു.

ഗോളുകളുടെ പകുതി

എന്നാല്‍ വമ്പന്‍ പോരാട്ടങ്ങളില്‍ എന്നും മികവ് പുറത്തെടുക്കാറുള്ള ക്യാപ്റ്റന്‍ സുനില്‍ ഛേത്രി 46-ാം മിനുറ്റില്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ ടീമിനെ മുന്നിലെത്തിച്ചു. വലത് വിങ്ങില്‍ നിഖില്‍ പൂജാരിയുടെ ബാക്ക്‌ഹീല്‍ നട്‌മെഗില്‍ നിന്ന് ചാങ്തെ ലെബനോന്‍ ഡിഫന്‍ഡറെ വെട്ടിച്ച് നല്‍കിയ അസിസ്റ്റ് സ്വീകരിച്ച് സുനില്‍ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 65-ാം മിനുറ്റില്‍ ചാങ്തെ ഇന്ത്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഇടംകാല്‍ കൊണ്ട് ചാങ്തെ തൊടുത്ത വെടിയുണ്ട ലെബനോന്‍ ഗോളി അലി സാബയെ കാഴ്‌ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. മത്സരത്തിന് നാല് മിനുറ്റ് അധികസമയം ലഭിച്ചെങ്കിലും ഗോള്‍ മടക്കാന്‍ ലെബനോനായില്ല. അവസാന മിനുറ്റുകളില്‍ മഹേഷിന്‍റെ മിന്നലാക്രമണങ്ങള്‍ ലെബനോന്‍ ഗോളിക്ക് പിടിപ്പത് പണിയായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!