ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു; ഞാന്‍ പറഞ്ഞു, അതാണ് ഫുട്ബോളിലെ നമ്മുടെ സച്ചിന്‍

By Web Team  |  First Published May 26, 2024, 1:07 PM IST

ആ ചോദ്യം കേട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നെങ്കിൽ അയാള്‍ അങ്ങനെ ചോദിക്കുമായിരുന്നോ?.


ബാംഗ്ലൂരില്‍ ഐടി ഫീൽഡിൽ ജോലി ചെയ്‍തിരുന്ന സമയം. അന്ന് പക്ഷെ ഇന്ന് കാണുന്ന പോലെ കേരള ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ്സിയും തമ്മിൽ ഇപ്പോഴുള്ളപോലെ ശത്രുതയൊന്നുമില്ല. ബെംഗലൂരു എഫ് സി ഐ ലീഗിലും കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലും കളിക്കുന്നു. കേരളത്തിലും ചെന്നൈയിലും ഐഎസ്എല്‍ കണ്ട എനിക്ക് ബാംഗ്ലൂരിൽ എഎഫ്‌സി കപ്പ് നോക്കൗട്ട് മത്സരങ്ങൾ കാണാൻ അവസരം കിട്ടി.

ബെംഗലൂരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ടിക്കറ്റ് വാങ്ങാനായി പോയത്. പോകുന്ന വഴിയാണ് വണ്‍ എംജി ലിഡോ മാളില്‍ കയറിയത്. രണ്ട് പായ്ക്കറ്റ് ഫ്ലേവേര്‍ഡ് മിൽക്കും കുറച്ചു ഡാർക്ക് ചോക്ലേറ്റ്സും വാങ്ങുകയായിരുന്നു ഉദ്ദേശ്യം. നേരെ  ടോപ് ഫ്ലോറിൽ ചെന്ന് സാധനം എടുത്തു തിരിഞ്ഞു നോക്കിയപ്പോള്‍ ദേ തൊട്ടു പിന്നിൽ സുനിൽ ഛേത്രിയും അമ്മയും. ഞെട്ടിത്തരിച്ചു നിന്ന എന്നോട് അദ്ദേഹം ഹായ് പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ആ മനുഷ്യൻ.

Latest Videos

undefined

ഞാൻ പറഞ്ഞു, ഹായ് സർ, ഐയാം ഫാൻ ഓഫ് യു ആൻഡ് ഐയാം ഫ്രം കേരള. അദ്ദേഹം എനിക്കൊരു ഒരു ഷേക്ക് ഹാൻഡ് തന്നിട്ട് പറഞ്ഞു താങ്ക് യു. ഞാൻ ഒരു ഓൾ ദ് ബെസ്ററ് ആൻഡ് സീ യു ഓൺ ദി മാച്ച് ഡേ എന്നൊക്കെ പറഞ്ഞു അതിനുശേഷം ബില്ല് അടിക്കാൻ ചെന്നപ്പോള്‍ അത്രയും നേരം ഞങ്ങളുടെ സംഭാഷണം നോക്കി നിന്ന ബില്ലിംഗ് സ്റ്റാഫ് എന്നോട് ചോദിച്ചു ആരാണതെന്ന്?.

ആ ചോദ്യം കേട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നെങ്കിൽ അയാള്‍ അങ്ങനെ ചോദിക്കുമായിരുന്നോ?. അങ്ങനെ ഉള്ളിൽ തോന്നിയ വിഷമവും ദേഷ്യവും എല്ലാം അടക്കിപ്പിടിച്ചു ഞാൻ അയാളോട് പറഞ്ഞു, അദ്ദേഹമാണ് ഇന്ത്യൻ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഫുട്ബോളില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍, ക്രിക്കറ്റില്‍ സച്ചിന്‍ എന്താണോ ഫുട്ബോളില്‍ അതാണ് ഛേത്രിയെന്ന്. അതൊക്കെ അയാള്‍ക്ക് മനസിലായോ എന്ന് അറിയില്ല.

അത് കഴിഞ്ഞു കളി കാണാൻ പോയപ്പോഴും കാര്യങ്ങൾക്ക് വലിയ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. സ്റ്റേഡിയത്തിന്‍റെ പകുതി പോലും ആളില്ല. ആകെയുള്ളത് കുറച്ച് മഞ്ഞപ്പടയും പിന്നെ ബെംഗലൂരു ആരാധക കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ഫാൻസും മാത്രം. ഒരു ഏഷ്യൻ കപ്പ് ടൂർണമെന്‍റെന്‍റെ നോക്കൗട്ട് മാച്ച് ആണെന്നോർക്കണം. എതിരാളികൾ നോർത്ത് കൊറിയയിലെ ഏപ്രിൽ 25 സ്പോര്‍ട്സ് ക്ലബ്ബായിരുന്നു. മത്സരത്തില്‍ ബെംഗലൂരു ഒരു ഗോളിന് ജയിച്ചു. കുറച്ചൊക്കെ സന്തോഷം തോന്നി. പിന്നീട് വീണ്ടും ഛേത്രിയെ കാണുന്നത്  കേരളം ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗലൂരു എഫ് സിക്കായി ഛേത്രി നേടിയ ിവാദ ഗോളില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വാക്കൗട്ട് നടത്തിയപ്പോഴായിരുന്നു. അന്ന് പക്ഷെ എന്‍റെ മനസിൽ ഒരേ ഒരു ചോദ്യമേ അദ്ദേഹത്തെ കണ്ടാൽ ചോദിക്കണമെന്ന് തോന്നിയുള്ളൂ.

ഇത്രയും മികച്ച കരിയര്‍ ഉണ്ടായിട്ടും ഒരു നിമിഷത്തെ നേട്ടത്തിന് വേണ്ടി ഒരു വിവാദത്തിൽ ചെന്ന് ചാടേണ്ട ആവശ്യം ഉണ്ടായിരുന്നോ താങ്കള്‍ക്കെന്ന്.  ഒരു പക്ഷെ ഐ എം വിജയൻ കഴിഞ്ഞാൽ കേരളത്തിലെ ജനങ്ങൾ ഏറ്റവുമധികം ആരാധിച്ച ഫുട്ബോൾ താരം താങ്കളായിരിക്കും.താങ്കളെപ്പോലെ ഒരാൾക്ക് കരിയര്‍ അവസാനത്തിൽ നിൽക്കുമ്പോൾ കുറച്ച കൂടെ ചിന്തിച്ചിട്ട് മതിയായിരുന്നില്ലെ അത്തരമൊരു ഗോള്‍ നേടാന്‍. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കുവൈറ്റിനെതിരെ ജയത്തോടെ ഇന്ത്യയെ ലോകകപ്പ് യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ എത്തിച്ച്  ഒരു ഹീറോ ആയി താങ്കൾക്ക് കരിയര്‍ അവസാനിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!