കരയുവാൻ കണ്ണീർ ബാക്കിയില്ല! തുടര്‍ച്ചയായ മൂന്നാം കളിയിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്, വിവാദമായി പെനാല്‍റ്റി

By Web Team  |  First Published Nov 7, 2024, 9:38 PM IST

ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ മഞ്ഞപ്പട ലീഡ് എടുത്തു


കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‍സിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. മത്സരത്തില്‍ ആദ്യ ഗോൾ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് ആണ്. ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ മഞ്ഞപ്പട ലീഡ് എടുത്തു.

പക്ഷേ 43-ാം മിനിറ്റില്‍ ആൻഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മുന്നിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗാലറിയെ നിശബ്‍ദമാക്കി ഹൈദരാബാദിന് അനുകൂലമായ വിവാദ പെനാല്‍റ്റി വിധിക്കപ്പെട്ടു. 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. സമനില ഗോളിനായി എല്ലാം മറന്നുള്ള ആക്രമണമാണ് പിന്നീട് ബ്ലാസ്റ്റേഴ്സ് നടത്തിയത്.

Latest Videos

undefined

ഇതിനിടെ മഞ്ഞപ്പടയുടെ പ്രതിരോധ നിരയുടെ പാളിച്ചകളിലൂടെ ഹൈദരാബാദിന് സുവര്‍ണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മത്സരത്തിലുടനീളം ബോൾ പൊസിഷനിലും പാസിംഗിലും അടക്കം മുന്നിട്ട് നിന്നെങ്കിലും സ്കോര്‍ ചെയ്യാൻ മാത്രം മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. സീസണില്‍ എട്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ട് വിജയങ്ങൾ മാത്രം പേരിലുള്ള മഞ്ഞപ്പട 10-ാം സ്ഥാനത്താണ്. വിജയിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്നില്‍ 11-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളാണ് ഹൈദരാബാദിന്‍റെ പേരിലുള്ളത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20: ആരാധകരെ കാത്ത് നിരാശപ്പെടുത്തുന്ന വാര്‍ത്ത; മത്സരത്തിന് കാലാവസ്ഥ വില്ലന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!