ആരാധകർ ആവേശത്തോടെ എത്തി ഉയരമേറിയ കവുങ്ങുകൾക്ക് മീതെ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഒടിഞ്ഞുവീണത്.
മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചയുടന്‍ ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയിൽ അർജന്‍റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് ഒടിഞ്ഞുവീണു. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാൻ ശ്രമിച്ചത്.
ആരാധകർ ആവേശത്തോടെ എത്തി ഉയരമേറിയ കവുങ്ങുകൾക്ക് മീതെ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഒടിഞ്ഞുവീണത്. എന്നാല്‍ വൈകുന്നേരത്തിനുള്ളില്‍ ഇതേ സ്ഥലത്ത് കട്ടൗട്ട് വീണ്ടും ഉയർത്തുമെന്നാണ് അര്‍ജന്‍റീനന്‍ ആരാധകര്‍ പറയുന്നത്.
പുഴ ഞങ്ങളുടെ പരിധിയിൽ, പരാതി കിട്ടിയാലും കട്ടൗട്ടുകൾ മാറ്റില്ല: കൊടുവള്ളി നഗരസഭ
കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ മലക്കം മറിഞ്ഞ് ചാത്തമംഗലം പഞ്ചായത്ത്. കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാൽ കട്ടൗട്ട് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കൂറ്റൻ കട്ടൗട്ടുകൾ ഫാൻസ് സ്ഥാപിച്ചത് രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിർദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്റെ പരാതി.
ചാത്തമംഗലം പഞ്ചായത്തിന്റെ നിർദേശം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ആരാധാകർ ഏറ്റെടുക്കുകയും ചെയ്തതോടെ, പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വ്യക്തമാക്കി കൊടുവള്ളി നഗരസഭ ചെയർമാൻ രംഗത്തെത്തിയിരുന്നു. കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ.
കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.