യുവേഫ നേഷൻസ് ലീഗ്: ആദ്യ സെമിയില്‍ നെതർലൻഡ്‌സ് ഇന്ന് ക്രൊയേഷ്യക്കെതിരെ

By Web Team  |  First Published Jun 14, 2023, 2:21 PM IST

ഖത്തർ ലോകകപ്പിൽ കിരീടത്തിലേക്കുള്ള അർജന്‍റീനയുടെ ജൈത്രയാത്രയിൽ കാലിടറിയ ടീമുകളാണ് നെതർലൻഡ്‌സും ക്രൊയേഷ്യയും


റോട്ടര്‍ഡാം: യുവേഫ നേഷൻസ് ലീഗിൽ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ സെമിയില്‍ നെതർലൻഡ്‌സ് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിന് ക്രൊയേഷ്യയെ നേരിടും. യുവേഫ നേഷൻസ് ലീഗിൽ ആദ്യ കിരീടമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. 

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടധാരണത്തോടെ ക്ലബ് ഫുട്ബോളിന്‍റെ ആവേശച്ചൂടൊഴിഞ്ഞിരുന്നു. ഇനി രാജ്യാന്തര മത്സരങ്ങളുടെ ആരവങ്ങളിലേക്ക് ഫുട്ബോള്‍ ലോകം പ്രവേശിക്കുകയാണ്. യുവേഫ നേഷൻസ് ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന നെതർലൻഡ‌്‌സും ക്രൊയേഷ്യയും സെമിഫൈനലിൽ നേർക്കുനേർ പോരിനിറങ്ങും. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്‍റെ ആനുകൂല്യം നെതർലൻഡ്‌സിനുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടത്തിലേക്കുള്ള അർജന്‍റീനയുടെ ജൈത്രയാത്രയിൽ കാലിടറിയ ടീമുകളാണ് നെതർലൻഡ്‌സും ക്രൊയേഷ്യയും. നെത‍ർലൻഡ്‌സ് ക്വാർട്ടറിലും ക്രൊയേഷ്യ സെമിയിലും അർജന്‍റീനയോട് തോറ്റു. 

Latest Videos

undefined

പരിക്കേറ്റ സൂപ്പർ താരം മെംഫിഡ് ഡിപേ ഇല്ലാതെയാണ് റൊണാൾഡ് കൂമാന്‍റെ നെതർലൻഡ്‌സ് ഇറങ്ങുക. ഡുംഫ്രൈസ്, അകെ, വാൻഡൈക്, ഡി ലൈറ്റ്, ബ്ലിൻഡ്, ഡിയോംഗ് ഗാപ്കോ തുടങ്ങിയവരിലാണ് ഡച്ച് പ്രതീക്ഷകൾ. സ്ലാറ്റ്കോ ഡാലിച്ചിന്‍റെ ക്രൊയേഷ്യയെ നയിക്കാൻ പ്രായം തളർത്താത്ത ലൂക്ക മോഡ്രിച്ചുണ്ട്. പെരിസിച്ചും ക്രമാരിച്ചും കൊവാസിച്ചും ഗ്വാർഡിയോളും ലിവാകോവിച്ചും ഒപ്പമിറങ്ങുമ്പോൾ ക്രൊയേഷ്യയും പോരിന് തയ്യാർ. ഇരു ടീമും നേർക്കുനേർ വരുന്ന മൂന്നാമത്തെ മത്സരമാണിത്. 1998 ലോകകപ്പിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയം ക്രൊയേഷ്യക്കൊപ്പം നിന്നിരുന്നു. ഒടുവിൽ 2008ൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ നെതർലൻഡ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു.

യുവേഫ നേഷൻസ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്‌ഡി ടിവി എന്നിവയിലൂടെ തല്‍സമയം കാണാം. സോണി ലിവിലൂടെ ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!