വംശീയാധിക്ഷേപത്തിൽ റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് പിന്തുണ അറിയിക്കാനാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്
ബാഴ്‌സലോണ: സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ ബ്രസീൽ ഇന്ന് ആഫ്രിക്കൻ ടീമായ ഗിനിയയെ നേരിടും. സ്പെയിനിൽ ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. വംശീയാധിക്ഷേപത്തിൽ റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് പിന്തുണ അറിയിക്കാനാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്.
സ്പെയിനിൽ തുടർച്ചയായി എതിരാളികളുടെ ആരാധകർ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം തുടർന്നതോടെയാണ് രാജ്യമൊന്നാകെ താരത്തിന് പിന്തുണയറിയിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളെക്കൂടി വംശീയവിദ്വേഷത്തിനെതിരെ അണിനിരത്തുന്നതിന്‍റെ ഭാഗമായാണ് സ്പെയിനിൽ തന്നെ മത്സരം നടത്താനുള്ള തീരുമാനം. നെയ്‌മര്‍ ജൂനിയർ പരിക്കേറ്റ് പുറത്തായതിനാൽ വിനീഷ്യസ് ജൂനിയറിലാണ് ബ്രസീൽ ഉറ്റുനോക്കുന്നത്. ലോകകപ്പിലെ നിരാശ മാറ്റാൻ കൂടിയാണ് ബ്രസീൽ ഇറങ്ങുക. ശക്തമായ നിരയുമായെത്തിയിട്ടും ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ വീഴാനായിരുന്നു കാനറികളുടെ വിധി.
undefined
ലോകകപ്പിനെത്തുമ്പോൾ അവസാന 15 മത്സരത്തിലും തോൽവിയറിയിഞ്ഞില്ലെങ്കിൽ പിന്നീട് ഇങ്ങോട്ട് നിരാശ മാത്രമായി കാനറികള്‍ക്ക്. അവസാന നാല് മത്സരത്തിൽ ഒരു ജയം മാത്രമാണ് ബ്രസീലിനുള്ളത്. ലോകകപ്പിലെ തോൽവിക്ക് പിന്നാലെ മൊറോക്കോയോട് സൗഹൃദ മത്സരത്തിലും ബ്രസീൽ വീണു. ടിറ്റെ കളമൊഴിഞ്ഞതോടെ താൽക്കാലിക പരിശീലകനായ റമോൺ മെനെസസാണ് ഇന്നും ടീമിനെ ഒരുക്കുക. അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും ലക്ഷ്യമിട്ട് മികച്ച മുന്നൊരുക്കം നടത്തേണ്ടതിനാൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയാകും ടീം ഇറങ്ങുന്നത്. ഇത്തവണ ആറ് പുതുമുഖങ്ങളാണ് ടീമിനൊപ്പമുള്ളത്. റോഡ്രിഗോ, റിച്ചാർലിസൻ, വിനീഷ്യസ് ത്രയമാകും മുന്നേറ്റത്തിലെന്നാണ് സൂചന. ജോലിന്റൺ, റാഫേൽ വെയ്ഗ എന്നിവരും അവസരം പ്രതീക്ഷിക്കുന്നു. ഗോൾകീപ്പിംഗിൽ അലിസൺ ബെക്കർ തുടരും. മധ്യനിരയിൽ കാസിമിറോ, ലൂക്കാസ് പക്വേറ്റ സഖ്യവും ബ്രസീലിന് പ്രതീക്ഷയാണ്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ യോഗ്യത പ്രതീക്ഷിക്കുന്ന ഗിനിയ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നിലവിൽ ഗ്രൂപ്പിൽ രണ്ടാമതാണ് ഗിനിയ. ചൊവ്വാഴ്‌ച സെനഗലിനെയും ബ്രസീൽ നേരിടും. എന്നാല്‍ ഇന്നത്തെ ബ്രസീൽ-ഗിനിയ മത്സരം ആരാധകര്‍ക്ക് ടെലിവിഷനിലും ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങിലൂടേയും കാണാനാവില്ല. മത്സരത്തിന്‍റെ ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേഷണാവകാശം ആരും സ്വന്തമാക്കിയിട്ടില്ല.
Read more: തന്ത്രം ഇത്; ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ ചാരമാക്കാന്‍ സ്റ്റോക്‌സ്