ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ്: ലെബനോനെതിരെ ഇന്ത്യക്ക് സമനില; നീലക്കടുവകള്‍ക്ക് ഇനി ഫൈനല്‍

By Web Team  |  First Published Jun 15, 2023, 9:47 PM IST

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്


കലിംഗ: ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിത സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ നേരിടാന്‍ ഇറങ്ങിയ നീലപ്പടയ്‌ക്ക് സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വലകുലുക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയപ്പോള്‍ ലെബനോന് കാര്യമായ മുന്നേറ്റം സൃഷ്‌ടിക്കാനായില്ല. ഇരു ടീമിനും ഓരോ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്. 

ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ 6 പോയിന്‍റുമായി നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗോള്‍ബാറിന് കീഴെ അമരീന്ദര്‍ സിംഗ് ഇടംപിടിച്ചപ്പോള്‍ നിഖില്‍ പൂജാരി, സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ജീക്‌സണ്‍ സിംഗ്, ഉദാന്ത സിംഗ്, സഹല്‍ അബ്‌ദുല്‍ സമദ്, ലാലിയന്‍സ്വാല ചാങ്‌തെ, ആഷിഖ് കുരുണിയന്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നത്. ടൂര്‍ണമെന്‍റില്‍ പരാജയമറിയാത്ത ഇന്ത്യന്‍ ടീം ഏഴ് പോയിന്‍റുമായി ടേബിള്‍ ടോപ്പര്‍മാരായി. സമനില നേടിയതോടെ അഞ്ച് പോയിന്‍റായ ലെബനോന്‍ തന്നെയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്‌ചയാണ് ഇന്ത്യ-ലെബനോന്‍ കലാശപ്പോര്. മംഗോളിയയെ മറികടന്നാണ് ലെബനോന്‍ ഫൈനലിലെത്തിയത്. 

Latest Videos

Read more: ക്രിക്കറ്റ് ലോകത്ത് വീണ്ടും മങ്കാദിംഗ്; വന്‍ വിവാദം, ഏറ്റുമുട്ടി ആരാധകര്‍- വീഡിയോ

click me!