'കടുത്ത തീരുമാനം, പക്ഷേ ഗുണപരവും'; ഫിഫ വിലക്കിനോട് പ്രതികരിച്ച് ബൈച്ചുങ്ങ് ബൂട്ടിയ

By Jomit Jose  |  First Published Aug 16, 2022, 2:35 PM IST

ഫിഫ ഇന്ത്യന്‍ ഫുട്ബോളിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്, ഫിഫയുടെ നടപടി വളരെ കടന്നുപോയി. 


ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്നും എന്നാല്‍ രാജ്യത്തിന്‍റെ ഫുട്ബോള്‍ സംവിധാനത്തെ നവീകരിക്കാന്‍ ഇത് ഉചിതവുമെന്ന് മുന്‍ നായകന്‍ ബൈച്ചുങ്ങ് ബൂട്ടിയ. എഐഎഫ്എഫിന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫിഫയുടെ വിലക്ക് നേരിടുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

ഫിഫ ഇന്ത്യന്‍ ഫുട്ബോളിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്, ഫിഫയുടെ നടപടി വളരെ കടന്നുപോയി. അതേസമയം നമ്മുടെ സംവിധാനം കുറ്റമറ്റതാകാനുള്ള സുവർണാവസരവുമാണിത്. ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും ഭാരവാഹികളും ഒന്നിച്ച് നമ്മുടെ സംവിധാനം ചിട്ടപ്പെടുത്താനും ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി ശോഭനമാക്കാനും പ്രയോജനകരമാണ് ഫിഫയുടെ നടപടിയെന്നും ഇതിഹാസ താരം കൂടിയായ ബൈച്ചുങ്ങ് ബൂട്ടിയ വാർത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. 

Latest Videos

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി അനിശ്ചിതത്വത്തിലായി. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. എന്നാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിനം പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ മാസം 28ന് നടക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതേസമയം നിലവിലെ ഭരണസമിതി പുതിയഭരണഘടന സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും സുപ്രീംകോടതിയെ ഉടൻ അറിയിക്കും.  

ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

click me!