കോപ്പ അമേരിക്കയ്ക്കൊപ്പം ഈ വർഷത്തെ ഒളിംപിക്സ് സ്വർണവും ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും ലക്ഷ്യമിടുകയാണ്
ബ്യൂണസ് ഐറീസ്: പാരീസ് ഒളിംപിക്സിൽ കളിക്കാനൊരുങ്ങി അര്‍ജന്‍റൈന്‍ സൂപ്പര്‍ താരങ്ങളായ ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ഇരുവരേയും ഒളിംപിക്സ് ടീമിൽ ഉൾപ്പെടുത്തുമെന്ന് അർജന്‍റൈൻ കോച്ച് ഹവിയർ മഷറാനോ പറഞ്ഞു.
കോപ്പ അമേരിക്കയ്ക്കൊപ്പം ഈ വർഷത്തെ ഒളിംപിക്സ് സ്വർണവും ലിയോണൽ മെസിയും ഏഞ്ചൽ ഡി മരിയയും ലക്ഷ്യമിടുകയാണ്. അർജന്‍റീന പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയാൽ ടീമിൽ കളിക്കാൻ തയ്യാറാണെന്ന് മെസിയും ഡി മരിയയും അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി രണ്ട് വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ നിന്ന്, രണ്ട് തെക്കേ അമേരിക്കൻ ടീമുകളാണ് പാരീസ് ഒളിംപിക്സിന് ടിക്കറ്റുറപ്പിക്കുക. 23 വയസിൽ താഴെയുള്ളവർക്കാണ് ഒളിംപിക്സിൽ കളിക്കാൻ അനുമതിയെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നാണ് നിയമം. ഇതനുസരിച്ച് മെസിയെയും ഡി മരിയയെയും ടീമിൽ ഉൾപ്പെടുത്താനാണ് അർജന്‍റൈൻ കോച്ച് ഹവിയർ മഷറാനോയുടെ തീരുമാനം.
undefined
ദീർഘകാലം മെസിയുടെയും ഡി മരിയയുടെയും സഹതാരമായിരുന്നു മഷറാനോ. 2008ലെ ബെയ്ജിംഗ് ഒളിംപിക്സിൽ സ്വർണം നേടിയ അർജന്‍റൈൻ ടീമിലും മെസിയും ഡി മരിയയും മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റിക്വൽമേ നയിച്ച അർജന്‍റീന 2008ലെ ഫൈനലിൽ ഡി മരിയയുടെ ഒറ്റഗോളിന് നൈജീരിയയെ തോൽപിച്ചാണ് ചാമ്പ്യൻമാരായത്. ടോക്കിയോ ഒളിംപിക്സിൽ ബ്രസീലായിരുന്നു ജേതാക്കൾ. സ്പെയ്നെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ഡാനി ആൽവസ് നയിച്ച ബ്രസീൽ സ്വർണം നേടിയത്.
ഉക്രെയ്ൻ, ഫ്രാൻസ്, സ്പെയിൻ, ഇസ്രായേൽ, അമേരിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, മൊറോക്കോ, ഈജിപ്ത്, മാലി, ന്യൂസിലാൻഡ് എന്നിവരാണ് നിലവിൽ പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഫുട്ബോള്‍ ടീമുകൾ. സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സിൽ ഫ്രാൻസിനായി കളിക്കാൻ കിലിയൻ എംബാപ്പേയും അന്റോയ്ൻ ഗ്രീസ്മാനും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപിക്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം